ചരിത്രത്തിൽ നിന്നും ഇറങ്ങിപോയ ഒരു വക്കീൽ …

കാരണമൊന്നും കൂടാതെ ചിലർ ചരിത്രത്തിൽ നിന്നും യാദൃശ്ചികവശാൽ വേരുകൾ പിൻ വലിച്ച് അപ്രത്യക്ഷരാവാറുണ്ട്. സ്വന്തം നാട്ടിൽ നിന്നാവാം. തിളക്കമേറിയ തൊഴിൽ രംഗത്ത് നിന്നാവാം . ഒത്തിരി ബഹുമതി അർഹിക്കുന്ന കുടുംബത്തിൽ നിന്നാവാം . നമുക്കറിയാത്ത കാരണങ്ങൾ കൊണ്ട് ചിലപ്പോൾ പലരും എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷരാവാറുണ്ട്. പലപ്പോഴും നമുക്കറിയുന്ന കാരണങ്ങൾ കൊണ്ട് അവയ്ക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.

നിഗമനങ്ങളും കണ്ടെത്തലുകളും ചിലപ്പോൾ ശരിയായിരുന്നില്ല എന്നു കാലംതെളിയിക്കും മറ്റു ചിലപ്പോൾ സംശയിച്ചു നിന്ന വഴിതന്നെ ശരിയായെന്നും വരാം. കണ്ടെത്താത്ത പഴമക്കാരെ പറ്റി ചിലർ പറയും ‘ആള് കാശിയിൽ ജീവിച്ചിരിപ്പുണ്ടെന്നാണ് കേട്ടത്‘ . അതെ, ഒരു കാലത്ത് കാണാതായ ആൾക്കാരൊക്കെ “കാശിയിലുണ്ടെന്നാണ് കേട്ടത്“ എന്നു ബന്ധു ജനങ്ങൾ സ്വയം വിശ്വസിച്ചും വിശ്വസിപ്പിച്ചും ശിഷ്ടജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ കൊതിക്കാറുണ്ടായിരുന്നു.

കാശിയിലുണ്ടാവും എന്നു പറയുവാൻ കൃത്യമായ ന്യായവുമുണ്ട് . ജീവിതാസക്തികളുടെ പെരുമഴയിൽ നിന്നും ഭാരതീയരുടെ പൊതുവേയുള്ള പിൻ വാങ്ങലിടം ആയിരുന്നു കാശി . മലയാളിയുടെ സർവ്വവും ഉപേക്ഷിച്ചുള്ള പോക്കിന്റെ പകരം വെയ്ക്കാനുള്ള പേരാണ് കാശി.
‘എന്നാൽ കാശിക്കു പോകാമെന്നോ’ ‘ ഇനിയുള്ള കാലം കാശിയിൽ കൂടാം’എന്നോ ചൊൽ വഴി പഴക്കങ്ങളിലൂടെ പടിയിറങ്ങിപോയ ഒത്തിരി മനുഷ്യരുണ്ട്.

പല കാലങ്ങളിൽ ഒരു വികാരം കൊണ്ടു മാത്രം നിലനിന്നു പോന്ന ഒരു നഗരം . ആത്മശാന്തിയുടെ രഹസ്യങ്ങളൊളിപ്പിച്ച നഗരം . ആത്മീയ തലസ്ഥാനം എന്ന ചെല്ലപേരിലൂടെ ലോകത്തിൽ പുകഴ്പെറ്റ ഈ നഗരത്തിലെ മലയാളി കാല്പാടുകളിൽ കണ്ടു കിട്ടിയ ചിലവയെ കോർത്തെടുക്കാൻ നടന്ന നാളിലൊക്കെ താമസിച്ചിരുന്ന ആശ്രമ മുറിയിൽ ഒരു ഫോട്ടോ കിടപ്പുണ്ടായിരുന്നു ഒത്തിരി പഴയ ഫോട്ടോകളിൽ ഒന്ന് . സ്വതവെ അക്കാലങ്ങളിലെ ഫോട്ടോകളിൽ പതിവ് കാണാറുള്ള ഗൌരവത്തിനു പകരം മന്ദസ്മിതമാണ് മുഖമുദ്ര. അൽ‌പ്പം ചിതലെരിച്ച ഫോട്ടോയ്ക്ക് കേരള ചരിത്രത്തോട് പറയാനവശേഷിച്ച ഒരു നാൾവഴി സൂചകം മാത്രമാണ് ഈ കുറിപ്പ് അഡ്വക്കറ്റ് കെ ജി നായരെന്ന സ്വാമി ഗോപാലാനന്ദ ഗിരിയുടെ ജീവിതഡയറിയിൽ നിന്നും കാണാതായ അവസാന വരികൾ

എന്റെ ജീവിതത്തിലെ സഹയാത്രികരിൽ ഏറിയ പങ്കും ഭൌതിക ജീവിതത്തിന്റെ വിഹ്വലതകളിൽ പെട്ട് നട്ടം തിരിഞ്ഞ് കരകാണാതെ ആത്മീയതയുടെ തീരത്തടിഞ്ഞ യാത്രികരായിരുന്നു. ആ കഥകളൊന്നും ഒറ്റ സ്നാപ്പിൽ തീരില്ല എന്നത് കൊണ്ട് അധികം അതിനെ വർണ്ണിക്കുന്നില്ല.

പഴയ പുസ്തകങ്ങളുടെ മണം തിങ്ങിയ എന്റെ കുടുസ്സു മുറിയിൽ,പണ്ടുപയോഗിച്ചിരിന്ന പുസ്തങ്ങളിൽ വല്ലതും അവശേഷിക്കുന്നുണ്ടോ എന്നറിയാൻ കയറിയ പന്മന ആശ്രമത്തിലെ കൈവല്ല്യാനന്ദ സ്വാമിജിയാണ് ചിതലുകൾ ചിത്രം വരച്ച ആ പഴയ ഫോട്ടോ നോക്കി “സൂക്ഷിച്ചു വയ്ക്കണം കേരള ചരിത്രത്തിൽ സ്ഥാനമുള്ളൊരാളാണ്“ എന്ന് പറഞ്ഞത് . പാണ്ഡേഹവേലിയിലെ ആശ്രമത്ത്ലെ ദൈവങ്ങൾക്കു ചാരെ ഭൂമിയെ കുളിർപ്പിച്ച് ഗംഗയെ നിറം മാറ്റുന്ന പെരുമഴ പെയ്യുന്നൊരു രാത്രിയിൽ കെ ജി നായരെന്ന ബാരിസ്റ്റർ സ്വാമിയെക്കുറിച്ച് കുറച്ച് വിശേഷങ്ങൾ കൂടി കൈവല്ല്യാനന്ദ പകർന്നു തന്നു.

സർ സി.പി രാമസ്വാമി കൊയ്ലോൺ ബാങ്ക് അടച്ച് പൂട്ടിച്ചതിനെതിരെ(കൊയ്ലോൺ ബാങ്കും മനോരമ പത്രവും സഹോദരസ്ഥാപനങ്ങളായിരുന്നു രണ്ടും അടച്ചുപൂട്ടിച്ചു) അന്ന് കേസ് വാദിച്ച് വിജയിപ്പിച്ച വക്കീലാണ് .വാദിച്ചെന്നു മാത്രമല്ല സി.പി യുടെ സിൽബന്ധികൾ കേസ് വാദിക്കുന്നതിൽ നിന്ന് പിൻ മാറുവാൻ വിലക്കും ഭീഷണിയും അറിയിച്ചപ്പോൾ തനിക്ക് ഒന്നിനെയും ഭയമില്ല എന്ന് കാണിക്കുവാൻ സി പി പദ്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനു വന്നപ്പോൾ നടയിൽ കൈയ്യുംകെട്ടി നിന്ന് വരവേറ്റ ധീരനുമായിരുന്നു അഡ്വ കെ ജി നായർ എന്നും കൈവല്ല്യാനന്ദ കൂട്ടി ചേർത്തു കെ.ജി.നായരുടെ അടുത്ത സ്നേഹിതനായിരുന്നു സ്വാമി സേവാനന്ദ. ഈ കഥകളൊക്കെ പറഞ്ഞു തന്നതും സേവാനന്ദ്ജിയാണെന്ന് അദ്ദേഹം പറഞ്ഞു. ആളെക്കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ വിശദവിവരങ്ങളൊന്നും അറിയില്ലെന്നും സേവാനന്ദ സ്വാമി പറഞ്ഞ കഥകളൊക്കെ മാത്രമേ കേട്ടിട്ടുള്ളു എന്നും കൈവല്ല്യാനന്ദ പറഞ്ഞിരുന്നു. . കേട്ടകഥ വച്ച് തീരെ ചെറിയ ആളല്ല എന്നു പെടുന്നനെ തിരിച്ചറിയാം അതുകൊണ്ട് തന്നെ മുൻപ് പലവട്ടം മുറിവൃത്തിയാക്കുമ്പോൾ സ്ഥലമില്ലായ്മ കൊണ്ട് എടുത്ത് കളയാൻ തുനിഞ്ഞ കുടുസ്സുമുറിയിലെ ആ ഫോട്ടോ സൂക്ഷിച്ചു വെയ്ക്കുകയും ചെയ്തു. ഇടയ്ക്ക് മനോരമയുമായ് ബന്ധപെട്ട് ഡൽഹിബ്യൂറോയിൽ ഒരന്വേഷണം നടത്തുകയും ചെയ്തു. പക്ഷേ കൂടുതൽ വിവരങ്ങളൊന്നും ലഭിക്കുകയുണ്ടായില്ല.
ഒരു പോസ്റ്റ് കാർഡിൽ നിന്നും....
തിലഭാണ്ഡേശ്വരം ക്ഷേത്രം കാശിയിലെത്തിയ മലയാളികളുടെയും പൊതുവെ ദക്ഷിണേന്ത്യക്കാരുടെയും അഭിമാനമായിരുന്നു.
മൂന്നിലധികം പുരാണങ്ങളിൽ തിലഭാണ്ഡ്വേശ്വരനെപറ്റി വിവരിക്കുന്നുണ്ട്.കാശിയെപറ്റിയെഴുതപ്പെട്ട നൂറ്റണ്ടുകൾ പഴക്കമുള്ള പുസ്തകങ്ങളിലും ഒക്കെ വർണ്ണനയുള്ള പ്രശസ്തമായ മഠമായിരുന്നു ഇത് . അപാരപണ്ഡിത്യമുള്ളവരുടെ വിഹാരരംഗം എത്രയധികം പുസ്തകങ്ങളാണ് ഇവിടെ നിന്നും പണ്ഡിതന്മാരായ സന്യാസിമാരാൽ എഴുതപെട്ടത്. കേരളത്തിനു വെളിയിലെ ആദ്യ അയ്യപ്പ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിലെ അയ്യപ്പനെ സ്തുതിക്കാനായി എഴുതിയ ‘അയ്യപ്പ ഗീത‘ എന്ന ഗ്രന്ഥം അയ്യപ്പനെ സംബന്ധിച്ചുള്ള ആദ്യ സംസ്കൃത കാവ്യമായിരിക്കും. ഇന്ന് പഴയ പ്രതാപവും പണ്ഡിതന്മാരും ഒക്കെ ഓർമ്മയായ് മാറിയെങ്കിലും മഠം മലയാളികളുടെ കൈകളിൽ തന്നെ നിലനിൽക്കുന്നുണ്ട്. ഇന്നോ നാളയോ എന്ന മട്ടിൽ പ്രാദേശികരായ ആൾക്കാർ കൈയേറും എന്ന ഭയത്തിലാണ് ഇതിനുള്ളിൽ താമസിക്കുന്നവർ പോലും ജീവിക്കുന്നത്. നിത്യനിദാനങ്ങൾ പോലും നടത്തികൊണ്ട് പോകുവാൻ കഷ്ടപെടുമ്പോൾ പഴയ പ്രതാപത്തിന്റെ ഓർമ്മകളായവശേഷിച്ച പലതും നഷ്ടമായ് അതിൽ വിലപിടിപ്പുള്ള ഗ്രന്ഥസഞ്ചയം അനവധി.കേരളത്തിലെ പ്രശസ്ത ആയുർവേദ ചികിത്സകനും പ്രഭാഷകനുമായ സ്വാമി നിർമ്മലാനന്ദ ഗിരി തിലഭാണ്ഡേശ്വരം മഠത്തിൽ നിന്നും സന്യാസം സ്വീകരിച്ച വ്യക്തിയാണ് അദ്ദേഹം മഠത്തിന്റെ കാര്യകർത്താവായി പ്രവർത്തിച്ചിരുന്ന വേളയിൽ വിലപിടിപ്പുള്ള നിരവധി പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്ന കാര്യം സൂചിപ്പിച്ചിരുന്നു. അത്തരം പുസ്തകങ്ങൾ തേടുന്ന വേളയിലാണ് ദീർഘകാലം ആശ്രമത്തിന്റെ നടത്തിപ്പുകാര്യങ്ങളുമായ് ജീവിച്ച സേവാനന്ദ സ്വാമിയുടെ നിരവധി ഡയറിക്കുറിപ്പുകൾ കിട്ടുന്നത്. ജ്നാനസമ്പന്നതയിൽ മുന്നേക്കമെന്നപോലെ അക്കാലത്തെ കാശിവാസികളെ സമ്പന്നമാക്കുന്ന മറ്റൊന്ന് ദാരിദ്രമാണ്. ഭക്തിക്ക് ദാരിദ്രം ഒരു കൂട്ടാണ്. ചില്ലിക്കാശിനു പോലും കണക്കു സൂക്ഷിക്കുന്ന കാലം അതു കൊ ണ്ട് തന്നെ സ്വാമിജിയുടെ മിക്കവാറും ഡയറികളിൽ പൂക്കൾ വാങ്ങിച്ചതും വരവു ചിലവുകളും പ്രത്യേക വ്യക്തികൾ വന്നു പോയതും അവർതന്ന ദക്ഷിണ എന്നിവയാണ് കുറിച്ച് മുഖ്യമായും വിവരിച്ചിരിക്കുന്നത് ഇടയിൽ ചില നാട്ടു വിശേഷങ്ങൾ കുറിക്കും ഒരു ദിവസത്തെ പേജിൽ ഇപ്രകാരം കാണുന്നു. കള്ളൻ വന്നു രണ്ടായിരം ക മോഷ്ടിച്ചു. ആ തമാശ ആസ്വദിച്ചപ്പോഴാണ് അപ്രകാരമുള്ള മറ്റുള്ളവുയും തിരഞ്ഞു വായിക്കാൻ രസം തോന്നിയത്. ഒരു ദിവസത്തെ വിവരങ്ങളിൽ കുറിച്ചിരുന്നു കോഴിക്കോട് കാരായ അഡ്വ: കെ ജി നായരുടെ കുടുംബാംഗങ്ങൾ വന്ന വിവരം പക്ഷേ അതിൽ കൂടുതലും അവർ തന്ന ദക്ഷിണഎത്രയെന്നതായിരുന്നു.അവസാനം കൂടെയുണ്ടായിരുന്നവരുടെ വിലാസങ്ങളുമുണ്ടായിരുന്നു. അതിലൊന്നിപ്രകാരമായിരുന്നു
മിസ്സിസ് കെ ജി നായർ, എസ് .ഒ -സി .ബി .സി .ഐ. ഡി , എച്ച് 2 / 708 , എരഞ്ഞിപാലം , കോഴിക്കോട് 6
എല്ലാ വിലാസങ്ങളിലും ഒരോ പോസ്റ്റ് കാർഡിട്ടു. മറുപടി പ്രതീക്ഷിച്ചില്ല കാരണം വിലാസങ്ങൾ കാണുമ്പോൾ തന്നെ തിരിച്ചറിയാം അത് കാലഹരണപെട്ടിരിക്കും എന്ന് എങ്കിലും...........അൻപത് വർഷം മുൻപുള്ള ആ വിലാസങ്ങളിൽ ഒന്നിൽ നിന്ന് മറുപടി വന്നു അതു വഴി പൂർവ്വാശ്രമത്തിലെ കെ ജി നായരെന്ന ഗോപാലാനന്ദ ഗിരിയുടെ സമാധിയുടെ ഷോഡശീ ചടങ്ങുകൾക്കെത്തിയ അദ്ദേഹത്തിന്റെ മരുമകൻപാലക്കാട് എഴുവത്ത് ബംഗ്ലാവിൽ താമസിക്കും ശേഖരനെ ബന്ധപ്പെടുവാനായി . അദ്ദേഹം ഓർമ്മയിലുള്ള വിവരം മൂന്ന് പേജുകളിൽ പകർത്തി കത്തയച്ചു തന്നു എങ്കിലും സന്യാസമെടുത്തപ്പോളുള്ള പേരും കാശിയിലെത്തിയ ശേഷമുള്ള മറ്റ് വിവരങ്ങളും അറിയില്ല സമാധിയായ് എന്നറിഞ്ഞപ്പോൾ കേരളത്തിൽ നിന്ന് ഒരു സംഘം ആൾക്കാർ വന്നു ചടങ്ങുളിൽ ബന്ധപ്പെട്ടു തിരിച്ച് പോയ് അത്രമാത്രം .

ചരിത്രം രേഖപ്പെടുത്തിയവ പ്രഗത്ഭ വക്കീൽ

പഴയ മലബാറിൽ കോളിളക്കം സൃഷ്ടിച്ച പാതിര കൊലപാതകമായിരുന്നു രാമസിംഹൻ വധക്കേസ്
കേരളത്തിൽ വർഗ്ഗീയ കൊലപാതകങ്ങളിൽ കുപ്രശസ്തിക്ക് തുടക്കം ഇതിനായിരുന്നു. ഖാൻ ബഹദൂർ കിളിയൻ മണ്ണിൽ ഉണ്ണീൻ സാഹിബ് ഹിന്ദുമതത്തിലേക്ക് മതം മാറി രാമസിംഹൻ എന്ന പേരു സ്വീകരിച്ചു. അനുജന്മാരും ഇദ്ദേഹത്തിനൊപ്പം മതം മാറി . നാട്ടിലെ അറിയപ്പെടുന്ന മുസ്ലിം പ്രമുഖന്റെ ഈ ചെയ്തി സമുദായത്തിൽ കോളിളക്കം സൃഷ്ടിച്ചു.ഇതിനിടയിൽ അദ്ദേഹം സ്വന്തമായി ഒരു നരസിംഹമൂർത്തി ക്ഷേത്രവും പണിതുടങ്ങി ഇതേതുടർന്ന് അദ്ദേഹത്തെയും പത്നിയേയും സഹോദരനെയും അടക്കം നാലു പേരെയാണ് വെട്ടിക്കൊന്നത് ഒപ്പം തന്റെ എസ്റ്റേറ്റിനടുത്ത് പണിപൂർത്തിയാക്കികൊണ്ടിരുന്ന നരസിംഹക്ഷേത്രവും തകർത്തു ഈ കൊലപാതകത്തിലെ പ്രതികളിൽ നാല് പേരെ നീതി പീഠം വധശിക്ഷയ്ക്കു വിധിച്ചു വാദിഭാഗം വക്കീലായിരുന്നത് അഡ്വ:കെ ജി നായരായിരുന്നു.
അദ്ദേഹം വാദിച്ച മറ്റൊരു പ്രമാദമായ കേസായിരുന്നു സർ സിപി രാമസ്വാമിയുടെ വിരോധത്തിനു പാത്രീഭവിച്ച കൊയ്ലോൺ ബാങ്ക് ലിക്വിഡേഷൻ കേസ് . മനോരമയുടെ അനുബന്ധ സ്ഥാപനമായ കൊയ്ലോൺ ബാങ്ക് നിയപരമല്ല എന്ന പേരിൽ സി പി അടച്ചു പൂട്ടിച്ചത് ആ കേസ് വാധിക്കുകയും അതിന് നിയമപരമായ് തന്നെ നഷ്ടപരിഹാരം നേടി കൊടുക്കുകയും ചെയ്തു
അവസാനം അദ്ദേഹം വാദിച്ച കേസ് പനമ്പള്ളിയുടെ അഞ്ചര ലക്ഷം കേസാണ് ഈ കേസിന്റെ വാദത്തിനായ് കൊച്ചിയിൽ വന്നു താമസിക്കുമ്പോഴാണ് അദ്ദേഹത്തിന് ശാരീരിക പ്രശ്നങ്ങൾ കണ്ടു തുടങ്ങിയത് . ചികിത്സതേടി എത്തവെ രോഗവിവരം അക്കാലത്ത് ഭീതിയുണർത്തുന്ന ഒന്നായതിനാൽ കേരളത്തിനു വെളിയിൽ വെച്ച് ചികിത്സതുടങ്ങി ആ ചികിത്സ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്തത്. കെ ജി നായരുടെ സുന്ദര മുഖത്തിന് ചികിത്സാനന്ദരം കറുത്ത് വൈരൂപ്യം ബാധിച്ചു.
രോഗവിവരം നാടറിഞ്ഞാലെന്നോർത്ത് അദ്ദേഹവും കുടുംബാംഗങ്ങളും സങ്കടപ്പെട്ടു.ഒടുവിൽ എല്ലാത്തിൽ നിന്നും അകലെ എന്നു കരുതി അദ്ദേഹം ഹരിദ്വാറിലേക്ക് പുറപ്പെട്ടു അക്കാലത്ത് ഹരിദ്വാറിലെ പ്രശസ്ത ആശ്രമങ്ങളിൽ ഒന്നിൽ താമസം തുടങ്ങിയെങ്കിലും കാലവസ്ഥയും മറ്റും ശരിയാവതെ തിരികെ പോന്നു അതിനു ശേഷം നേരെ ഹരിദ്വാറിലെ തിലഭാണ്ഡേശ്വരം ക്ഷേത്രത്തിലാണ് എത്തിച്ചേർന്നത്. അവിടുത്തെ മഠാധിപതിയായിരുന്ന അച്ച്യുതാനന്ദ സ്വാമികളിൽ നിന്ന് സന്യാസവും സ്വീകരിച്ചു ഗോപാലാനന്ദ ഗിരി എന്നു സന്യാസനാമവും കൈകൊണ്ടു വേദാന്ത ചിന്തനവുമായ് കഴിഞ്ഞു കൂടി . ഗോപാലാനന്ദ ഗിരി എന്ന സീലു പതിഞ്ഞ നിരവധി പുസ്തകങ്ങൾ ആശ്രമത്തിന്റെ കണ്ടം ചെയ്ത കാലഘട്ടക്കണക്കുകൾ കൂട്ടിയിട്ടിരിക്കുന്നതിൽ ഇപ്പോഴുമുണ്ട്.
പാണ്ഡേഹവേലിയിലെ പഴയ കുട്ടികൾ ഇന്നത്തെ മദ്ധ്യവയസ്കരിൽ പലരും ബാരിസ്റ്റർ സ്വാമി എന്നായിരുന്നു അദ്ദേഹം അറിയപെട്ടിരുന്നത് എന്നോർക്കുന്നു മാത്രമല്ല കുട്ടികൾക്ക് സ്ഥിരം ബിസ്കറ്റും മിട്ടായികളും കൊടുക്കുന്നതിനാൽ ബാരിസ്റ്റർ സ്വാമിയെ എല്ലാവർക്കും വളരെ പ്രിയവുമായിരുന്നു എന്നും കൂട്ടിച്ചേർക്കുന്നു.


ഒരേ വനത്തിൽ രണ്ടു സിംഹങ്ങൾ
നിയമ രംഗത്തെ സിംഹമായിരുന്നു കെ ജി നായരും ഭരണരംഗത്തെ സിംഹപ്രതാപം നിലനിർത്തിയ സർ സിപി രാമസ്വാമി അയ്യരും ആനന്ദവനമെന്നു പേരുള്ള കാശിയിൽ ഇവർ രണ്ടു പേരും വീണ്ടും ഒരിക്കൽ കൂടി കണ്ടു മുട്ടി. രണ്ട് പേരും പ്രശസ്തമായ സ്ഥാപനങ്ങളിലായിരുന്നു രണ്ടും രണ്ട് തലത്തിൽ ഏറ്റവും അത്യുന്നതം ഉള്ളവ തന്നെ ഒന്ന് ആത്മീയ വിദ്യാരംഗം മറ്റൊന്ന് ഭൌതിക വിദ്യാരംഗം ഒരാൾ ലോകത്തിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനവും ഏഷ്യയിൽ ഒന്നാം സ്ഥാനവുമുള്ള ബനാറസ്സ് ഹിന്ദു സർവ്വകലാശാലയുടെ വൈസ് ചാൻസിലാറായ് രണ്ട് വർഷത്തേക്ക് എത്തി.മറ്റൊരാൾ പ്രശസ്തമായ ഒരു ജോലി പാതിവഴിയിൽ വിധി തടഞ്ഞു നിർത്തിയപ്പോൾ ഈശ്വരഭജനത്തിന്റെ നാൾവഴികൊണ്ട് സന്യാസത്തിന്റെ മഹനീയ മാതൃകയായ് മാറിയയാൾ . ബനാറസ് സർവ്വകലാശാല ഷേക്സ്പിയർ നാരായണമേനോനെപ്പോലുള്ള മലയാളീ പ്രമുഖരുടെ കാശിവാസത്തിനു കാരണമായ സർവ്വകലാശാല.
അവിടെ നിന്നും നടന്നെത്താവുന്ന ദൂരത്തിൽ എള്ളിൻ സമം വളരുന്ന തിലഭാണ്ഡേശ്വര സന്നിധിയിൽ ആത്മീയജീവിതം നയിക്കുകയായിരുന്നു ഗോപാലാനന്ദ ഗിരിയെന്ന കെ ജി നായർ. തിലഭാണ്ഡേശ്വര ദർശനത്തിനെത്തിയ സർ സി പിയും ഗോപാലാനന്ദഗിരിയും തമ്മിൽ കണ്ടുമുട്ടി. രാമകൃഷ്ണപരമഹംസനും ഥൈലിംഗസ്വാമിയും തമ്മിൽ കണ്ടുമുട്ടിയ തിലഭാണ്ഡേശ്വര സന്നിധാനത്തിൽ സർ .സി.പി.യും കെ. ജി. നായരും ആത്മീയ നഗരം പകർന്ന ചൈതന്യത്തിൽ തമ്മിൽ പരസ്പരം തൊഴുതു പിരിഞ്ഞു.

ബാരിസ്റ്റർ സ്വാമി
തിലഭാണ്ഡേശ്വരം മഠത്തിലേക്ക് കയറി ചെല്ലും വഴി വലത് ഭാഗത്ത് ആദ്യത്തെ കെട്ടിടത്തിന് മുകളിൽ ഒരു മാർബിൾ ഫലകമുണ്ട് അഡ്വക്കറ്റ് കെ ജി ഗോവിന്ദൻ നായർ സ്വന്തം അമ്മയുടെ ഓർമ്മയ്ക്കായ് നിർമ്മിച്ച് ആശ്രമത്തിന് സമർപ്പിച്ചിരിക്കുന്നു എന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു അതിൽ കയറിയാൽ മനസ്സിലാകും പഴയ കാലത്തെ കാശിയുടെ പ്രതാപത്തിനിണങ്ങുവണ്ണം പ്രൌഡമാണതിന്റെ നിർമ്മാണം എന്ന്. ആശ്രമത്തിൽ തന്റെ പ്രൌഡിക്കിണങ്ങിയ കെട്ടിടം പണികഴിച്ച് അതിലായിരുന്നു സ്വാമിജി തന്റെ അവസാന കാലം കഴിച്ചിരുന്നത്. ഒരു രോഗം മൂലമാണെങ്കിലും തനിക്ക് കൈവന്ന അസുലഭജന്മഭാഗ്യത്തിൽ സംതൃപ്തനായി കഴിഞ്ഞിരുന്ന സ്വാമിജിയെ നാട്ടുകാർ ബാരിസ്റ്റർ സ്വാമിജി എന്നു വിളിക്കുന്നതിന് ഒരർത്ഥം വേണ്ടേ എന്നു കരുതിയിട്ടാവും ഒരിക്കൽ കൂടി കോടതി മുറിയിൽ പ്രതി ഭാഗത്തിനെ വിറപ്പിച്ചത്. താൻ തന്നെ വാദിയായ കേസിൽ പ്രതിയായത് സാക്ഷൽ ഇൻഡ്യൻ റെയിൽ‌വ്വെ റെയിൽ വേയോട് വാദിച്ചു ജയിക്കുക അത്ര സുഖകരമായ കാര്യമല്ല എങ്കിലും ഉള്ളിൽ ഉറങ്ങിക്കിടന്ന വക്കീലിന് അതങ്ങ് സമ്മതിച്ചു കൊടുക്കാൻ മടി
കുറച്ചേറെ നീണ്ട വാദത്തിനൊടുവിൽ സ്വാമിജി കേസു ജയിച്ചു എങ്കിലും വിധി പ്രഖ്യാപനത്തിനു മുന്നേതന്നെ ഇഹ ലോകത്തിലെ കുപ്പായങ്ങളഴിച്ചു വെച്ചു പരം പൊരുളിന്റെ കാൽക്കലമർന്നു. ഭൌതീക ശരീരം കേദാർഘാട്ടിലെ ഗംഗയുടെ വിസ്തൃതമായ മാറിൽ ജലസമാധിയിരുത്തപെട്ടു. ഒടുവിലത്തെ തന്റെ നിയമ വിജയം ജഗദീശ്വര സവിധത്തിലിരുന്നു കാണായിരുന്നു യോഗം എന്നു സുഹൃത്ത് സേവാനിന്ദിന്റെ ആത്മാക്ഷരങ്ങൾ സാക്ഷി....................

സക്കറിയായുമായ് അഭിമുഖ സംഭാഷണം

മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന സമുന്നതനായ എഴുത്തുകാരനാണ് സക്കറിയ. തുറന്നു പറച്ചിലുകൾക്ക് യാതൊരു ഭയവുമില്ലാത്ത എഴുത്തുകാരൻ.പലപ്പോഴും എവിടെപ്പോയ് നമ്മുടെ സാംസ്കാരികനായകർ എന്നു ചോദിക്കാൻ തുടങ്ങും മുൻപ് സക്കറിയ എന്ന വ്യക്തിതന്റെ നിലപാടുകളുമായ് മുന്നിലുണ്ടാവും സക്കറിയായുമായ് സംവിദാനന്ദ് ഹരിദ്വാറിൽ വെച്ച് നടത്തിയ
അഭിമുഖ സംഭാഷണം
.
നോവലെഴുത്തിന്റെ പൂർത്തിയ്ക്കയിട്ടാണ് സക്കറിയ ഹരിദ്വാറിൽ എത്തിച്ചേർന്നത് .ഇത് രണ്ടാം വട്ടമാണ് ഹരിദ്വാറിൽ എത്തിച്ചേരുന്നത് ആദ്യം ‘കൈരളിലോഡ്ജ്‘ എന്ന പരമ്പരയുടെ എഴുത്തുമായ് ബന്ധപ്പെട്ട് എത്തിയിരുന്നു അന്നൊന്നും ഹരിദ്വാറെന്ന ആത്മീയനഗരത്തെ ഇത്ര അടുത്ത് കണ്ടിരുന്നില്ല. മിക്കദിവസവുംഏകദേശം മുക്കിലും മൂലയിലുമൊക്കെ ഞങ്ങൾ അലഞ്ഞു നടന്നു. എവിടെ നോക്കിയാലും സക്കറിയായ്ക്ക് അത്ഭുതകാഴ്ചകൾതന്നെ. ഏറ്റവും തിരക്കേറിയ ഹർകി- പൌഡി വിജനമാകുന്ന രാത്രി നേരം ഗംഗാ ആരതി നടക്കാറുള്ള ഗംഗാമാതാമന്ദിരത്തിലേക്ക് നടക്കുകയായിരുന്നു ഞങ്ങൾ. അവിടെ ഗംഗാതീരത്ത് തണുത്ത കാറ്റും കൊണ്ടിരിക്കാനാണ് നടപ്പ്. പോകും വഴിയിൽ ഒരു നാഗാ സന്യാസി ദേഹം മുഴുവൻ ഭസ്മം പൂശി വീഡിയോ ഗയിം കളിച്ച് കൊണ്ട് ഹോമകുണ്ഡത്തിനരികിൽ ഇരിപ്പുണ്ടായിരുന്നു .മന്ദിരത്തിനരികിൽ ഗംഗാതീരത്ത് കാറ്റും കൊണ്ടിരിക്കെ സമീപത്തെ അമ്പലത്തിന്റെ സൈഡിലെ വിഗ്രഹം സ്റ്റമ്പാക്കി തെരുവുകുട്ടികൾ ക്രിക്കറ്റ് കളി നടത്തുന്നതും കണ്ടിരുന്നു. തിരികെ വരുമ്പോൾ പഴയ നാഗസന്യാസി തന്റെ ഭക്തരിലാരെയൊ കൊണ്ട് കാലും തടവിച്ച് റേഡിയോ കാതിനോട് ചേർത്ത് വെച്ച് കണ്ണടച്ച് കിടക്കുകയാണ് കുറച്ച് നേരം അത് നോക്കി നിന്ന്
സക്കറിയാവക ആത്മഗതം ‘പാവം സ്വാമി ഒന്നും ആലോചിക്കാനെയില്ലെ‘


ഗംഗ ഏഴായ് വഴിപിരിഞ്ഞൊഴുകുന്ന ഒരു സ്ഥലം ഹരിദ്വാറിലുണ്ട് സപ്തർഷികൾ തപസ്സ് ചെയ്യുമ്പോൾ സന്ധ്യാവന്ദനത്തിനായ് ഓരോ മഹർഷിമാർക്കുമരികിൽ ഗംഗ വഴി പിരിഞ്ഞൊഴുകിയെത്തി എന്നു വിശ്വസിക്കുന്ന സപ്തസരോവരം ഇവിടെ സ്ഫടിക നിറത്തിൽ തെളിഞ്ഞൊഴുകുന്ന ഗംഗ. .ചുറ്റും ചെറിയ ചെറിയ ദ്വീപുകൾ. കുറുകെ നടന്ന് കയറുവാ‍ൻ മാത്രം ഒഴുക്കെ അവിടെ ഗംഗയ്ക്കുള്ളു . അവയിലൊന്നിൽ ഒരു വൈകുന്നേരം സംസാരിച്ചിരിക്കെ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഞാൻ ചില ചോദ്യങ്ങൾ ചോദിച്ചു. അത് വീഡിയോയിൽ റൊക്കോഡ് ചെയ്തിരുന്നു അതിവിടെ പകർത്തുന്നുആത്മീയത

ചോദ്യം:
കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ആത്മീയതയെ രണ്ടുദേശങ്ങളിലും സഞ്ചരിച്ച് കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരൻ എന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു?
ഇവ തമ്മിലുള്ള പ്രകടമായ വ്യത്യാസം എന്ത്?
സക്കറിയ:
സത്യത്തിൽ കിഴക്കെന്നു പറഞ്ഞാൽ ഏതൊക്കെ പെടും എന്നാണ് ഞാൻ ശങ്കിക്കുന്നത് യഥാർത്ഥത്തിൽ കൃസ്തുമതവും ഇസ്ലാം മതവും കിഴക്കിന്റെതു തന്നെയാണ്. ഇസ്ലാമിപ്പോഴും മിഡിലീസ്റ്റിൽ തന്നെയാണ് നിലനിൽക്കുന്നത് അതിനാൽ കിഴക്കിന്റെതെന്നു പറഞ്ഞാൽ ഹിന്ദുമതത്തെയാണ് പ്രധാനമായും നമുക്ക് ചിന്തിക്കേണ്ടത്. ഹിന്ദുമതം വിശ്വാസികൾക്ക് യുക്തിബോധമുള്ള ഒരു വിശ്വാസ സംഹിത ഉണ്ടാക്കികൊടുക്കാതെ അഥവാ അവനവന്റെ യുക്തികൾക്കും ഇതിൽ ഇടം കൊടുത്ത് കൊണ്ടാണ് ഇന്നും നിലനിൽക്കുന്നത്. ഇസ്ലാം മതത്തെപറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ട ഇസ്ലാം മതം ഇപ്പോൾ ഒന്നിനൊന്ന് ഹിന്ദുമതമായ് മാറികൊണ്ടിരിക്കുകയാണ് പക്ഷേ ,ഏകദൈവവിശ്വാസത്തിന്റെ പൊരുളിൽ തന്നെ.
പടിഞ്ഞാറിനെ സംബന്ധിച്ച്
ക്രിസ്തുമതം എന്നത് ,ഗ്രീക്ക് റോമൻ തത്വശാസ്ത്രജ്ഞന്മാരും വെസ്റ്റേൺ സയന്റിഫിക്ക് ആൻഡ് ഫിലോസഫിക് റെവലൂഷ്യന്റെയെല്ലാം ഉള്ളിൽകൂടി പാകപ്പെടുത്തി റാഷണിലിസ്റ്റ് സ്വഭാവം കലർന്നതും, ഒത്തിരി യുദ്ധങ്ങളും ,നാഷണലിസം, ഇവയുടെയെല്ലാം തിരതള്ളലിൽ കടന്നു കിട്ടിയ ക്രിസ്തുമതമെന്നത് അതിനെ വിശകലനം ചെയ്തപ്പോൾ അതുവരെയുണ്ടായിരുന്ന മതം മുഴുവനും ഒരു കള്ളച്ചരക്കാണെന്ന് മനസ്സിലാക്കുവാൻ സാധിച്ചു . മതം പോയതോടു കൂടി അതിനകത്ത് നിന്നും ആത്മീയതയും പൊഴിഞ്ഞു മതത്തിന്റെ പുറത്തുനിന്നുള്ള സ്പിരിച്വാലിറ്റിയവിടെയില്ല അതിനുള്ള സ്വാതന്ത്രമില്ലയിരുന്നു അതെ സമയത്ത് തന്നെ ഒരു പ്രദേശത്ത് കമ്മ്യൂണിസം വ്യാപിക്കുന്നു മറ്റൊരിടത്ത് ഒന്നിനൊന്ന് ശാസ്ത്രം മേൽക്കോയ്മനേടി.വാസ്തവത്തിൽ ശാസ്ത്രമല്ല,ആൾക്കാർ ശാസ്ത്രമാണ് സത്യം എന്നു ധരിച്ചുവശരാവുകയാണുണ്ടായത് .ഈ വ്യത്യാസത്തിൽ മതം തകർന്നതോടു കൂടി ആന്തരിക ജീവിത(ഇന്നർലൈഫ്)മെന്നത് നിലവിലെ തത്വശാസ്ത്രമെന്ന നിലയിൽ മതേതര തത്വശാസ്ത്രം മേൽക്കോയ്മ നേടി അപ്പോൾ സെക്യുലർ ഫിലോസഫിയിൽ ദൈവം ഒരു പരിഗണന മാത്രമായിരുന്നു വൺ ഓഫ് ദ തീം . പിന്നെ പടിഞ്ഞാറ് വന്നത് മനഃശാസ്ത്രമാണ് അതിനകത്ത് ഇന്നർ സെർച്ചെന്നു പറയുന്നത് ലാർജ്ജർ യൂണിവേഴ്സുമായ് ഘടിപ്പിക്കുന്ന യാതൊന്നും അത് കൊണ്ടുവന്നില്ല.അങ്ങനെ കിഴക്ക് ഒരു മാതിരി വരണ്ടിരിക്കുന്നവസ്ഥയിലാണ് ഈസ്റ്റേൺ ഫിലോസഫിയിലേക്കൊരാകർഷണം ഉണ്ടാകുന്നത് കാരണം ഇവരിൽ നിന്നും പൊഴിഞ്ഞുപോയ, മദ്ധ്യകാലങ്ങളിലും മറ്റും ക്രൈസ്തവാശ്രമങ്ങളിലും മറ്റുമുണ്ടായിരുന്ന സെന്റ് ജോൺസ് , അസീസി അതു പോലെയുള്ള പല വിദ്ദ്വാന്മാരും ഉണ്ടാക്കിയെടുത്ത ഒരു ആത്മീയത നമുക്കിവിടെയുള്ള സന്യാസിമാരുടെ ആത്മീയതയ്ക്കു തുല്ല്യമായിരുന്നു പക്ഷേ പടിഞ്ഞാറത് അവ തീർത്തും ഇല്ലെന്നായിപ്പോയ് അതുകൊണ്ട് അവർക്ക് കിഴക്കിന്റെ ഫിലോസഫിയിൽ ആകർഷണം ജനിക്കുകയും അതിപ്പോഴും തുടരുകയും ചെയ്യുന്നു.
ഇവിടെ കിഴക്ക് ഹിന്ദുമതത്തിന് ഒരു യുക്തിബോധമുള്ള അല്ലെങ്കിൽ ഒരു ശാസ്ത്രീയ ഭരണവർഗ്ഗമില്ല.ആത്മീയതയ്ക്ക് ഒരു കേന്ദ്രസ്ഥാനമില്ല.ശ്രീശങ്കരനൊക്കെയുണ്ടെങ്കിലും അദ്ദേഹവും ഒരുവശത്തങ്ങനെ കിടക്കുന്നതല്ലാതെ അന്തിമവാക്കെന്നു പറഞ്ഞൊരു സാധനം ഹിന്ദുമതത്തിനില്ല. പിന്നെ അതിശയകരമായ ഒരു വസ്തുത കേന്ദ്രമായസാധനം ഒരു ഭാഗത്തും പത്തിരുപത് ഉപസംസ്കാരങ്ങൾ മറ്റൊരു വശത്തും വളർന്നു വന്നു. യൂറോപ്യൻ സംസ്കാരത്തിന് ഒരു ഹോമോജീനിറ്റിയുണ്ട് ഒരു ഏകസ്വരത. ഭാരതീയ സംസ്കാരത്തിന് ബഹുസ്വരതയും. പരിപൂർണ്ണ വ്യത്യസ്തമായ ഭാഷയും ആചാരവുമെല്ലാമായിട്ട് ഹിന്ദുമതത്തിന് പിടിച്ചാൽ കിട്ടുകേലാത്ത ഒരു സ്വതന്ത്രമുണ്ട്. അതു കൊണ്ടാണ് ജെ കൃഷ്ണമൂർത്തിയെപ്പോലൊരാളിന് ഹിന്ദു എന്ന വാക്ക് അദ്ദേഹം ഒരിക്കൽ പോലും ഉപയോഗിക്കാതെ ആ പാരമ്പര്യത്തിൽ നിന്ന് വളർന്നു വരുവാൻ സാധിച്ചത് യുക്തിവാദത്തിന്റെ നിലയിലുള്ളയാർക്കാർക്കും ഹിന്ദുമതത്തിന്റെ പാരമ്പര്യത്തിൽ വരുവാൻ സാധിച്ചു നാസ്തികരും ആസ്തികരും ഒരേപോലെ വളർന്നു ഓഷോയെപ്പോലുള്ളവർപോലും ഇതിന്റെ ബെയ്സിൽ നിന്നുമാണ് വ്യക്തിത്വം വളർത്തിയെടുത്തത്. ആത്മീയത ഒരു വ്യക്തിനിഷ്ടമായ കാര്യമാണ്. കിഴക്കിന് വ്യക്തിനിഷ്ഠവും സ്വാതന്ത്യമുള്ളതുമായ മതമുള്ളപ്പോൾ പടിഞ്ഞാറിന് ഒരു കേന്ദ്രീകൃതവും സ്വാതന്ത്ര്യമില്ലാത്തതുമായ ആത്മീയ പ്രസ്ഥാനങ്ങളാണുള്ളത്. ഹിന്ദുമതത്തിൽ പ്രധാനമായും ഈ ഗുരുക്കന്മാരുടെയൊക്കെ ക്ലാസ്സുകളിൽ പങ്കെടുക്കുവാൻ യാതൊരു ഹൈന്ദവ വിശ്വാസവും ആവിശ്യമില്ല. ഹിന്ദുവാകണമെന്നൊന്നുംയാതൊരു നിർബന്ധവുമില്ല ആർക്കും പങ്കെടുക്കാം അറിവു നേടാം
ചോദ്യം:
വ്യക്തിനിഷ്ഠമാണ് ആത്മീയത അത് സമൂഹത്തിന്റെതായ് മാറിയപ്പോളുണ്ടായ പ്രശ്നമെന്താണ് ? സൊസൈറ്റീകൃതമായ ആത്മീയതയുടെ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്?
സക്കറിയ:
സ്ഥാപനവൽക്കരണവും ബ്യൂറോക്രസിവൽക്കരണവും ക്രിസ്തുമതത്തിന്റെ സ്വഭാവത്തിൽ പെട്ടതാണ് ക്രിസ്തുമതമെന്നത് ഒരു സെല്ഫ് സസ്റ്റെയിനിങ്ങ് (സ്വയം നിലനിർത്തുന്ന)ബ്യൂറോക്രസിമാത്രമാണ്. ഒരു പ്രത്യേക പുസ്തകം വെച്ചിട്ട് അതിൽ പരിശുദ്ധിയോ വിശുദ്ധിയോ ദൈവവചനമാണെന്നൊക്കെ ആരോപിച്ച്കൊണ്ട് ആ പുസ്തകത്തിന്റെ ബലത്തിൽ ആ പുസ്തകത്തിൽ പറയപ്പെടുന്നയാളുടെ ബലത്തിൽ നടത്തപ്പെടുന്ന ഒരു ബ്യൂറോക്രാസിമാത്രമാണ്.
ഇസ്ലാം മതവും അങ്ങനെതന്നെ മുഹമ്മദ് എന്നു പറയപ്പെടുന്ന ഒരാളുടെപേരിൽ ആ മനുഷ്യന്റെ വ്യക്തിത്വത്തിന്റെയും അദ്ദേഹം പറഞ്ഞെന്ന് പറയപ്പെടുന്ന ഒരു പുസ്തകം ദൈവവാക്യമെന്ന പേരിൽ ഒരു വലിയ ബ്യൂറോക്രാസി ഓപ്പറേറ്റ് ചെയ്യുകയാണ്. ഈ വഴിക്കു പോകുകയാണ് ഹിന്ദുമതം ശ്രീശങ്കരൻ ചെയ്യാൻ ശ്രമിച്ചതും അതായിരുന്നു.അദ്വൈതവേദാന്തപ്രചരണത്തിനായ് നാല് മഠങ്ങൾ സ്ഥാപിക്കുകയും അതിന് കേന്ദ്രസ്ഥാനം കൊടുത്ത് ഇതാണ് ശരി ബാക്കിയുള്ളതൊക്കെ തെറ്റെന്നു വാദിച്ചും തർക്കിച്ചും തെളിയിക്കുകപോലും ചെയ്ത് ഒരു പരിശ്രമം അവിടെ നടത്തി നോക്കി എന്നാൽ അത് കുറച്ച് പണ്ഡിതരായ വരേണ്യവർഗ്ഗക്കാരുടെയിടയിൽമാത്രം ഉണ്ടായിരുന്ന ഒരു വിഭാഗീയതയായിരുന്നു. പക്ഷേ ഹിന്ദുമതമെന്നത് സംവിദാനന്ദ് പറയും പോലെ സ്ഥാപനവൽക്കരണത്തിനു ശ്രമിക്കുകയും ക്രിസ്തു മതത്തെയും ഇസ്ലാം മതത്തെയും പോലെ മാനുപ്പുലേറ്റ് ചെയ്യാവുന്ന തരത്തിൽ സ്ഥാപനവൽക്കരനം നടത്തിവരുകയാണ്. ഉദാഹരണത്തിന് അവിടെ അമൃതാനന്ദമയി പത്ത് രണ്ടായിരം പേരോട് ഇതാണ് ലോകം ഇതാണ് സത്യം ,ദൈവം.ഞാൻ പറയുന്നതാണ് ശരി എന്ന് മറ്റൊരുഭാഗത്ത് രവിശങ്കർ വേറൊരുതരത്തിൽ പറയുന്നു ഇതു പോലെ എത്രപേർ . ഈ സ്ഥാപനവൽക്കരണത്തിലൂടെ പൊളിറ്റിക്കൽ മാനുപ്പുലേഷനു വളരെയെളുപ്പമാണ് അപ്പോൾ ഇത് ആത്മീയതയല്ല ആത്മീയതയുടെ ആവരണമണിയിച്ചുകൊണ്ടൂള്ള വളരെ സമർത്ഥമായിട്ടുള്ള ഭരണകേന്ദ്രീകരണമാണ്.
ചോദ്യം:
മാതാ അമൃതാനന്ദമയിയെപ്പോലൊരു സ്ത്രീ ക്രിസ്തുമതത്തിൽ നിന്നോ ഇസ്ലാം മതത്തിൽ നിന്നോ ഉണ്ടാവുന്നില്ല. പുരുഷ കേന്ദ്രീകൃതമായതു കൊണ്ടാവുമോ?എന്തുകൊണ്ടാണ് മാതാ അമൃതാനന്ദമയി ഭാഗ്യവതിയും നിർഭാഗ്യവതിയും എന്ന പുസ്തകം തന്നെയെഴുതിയത്?
സക്കറിയ:
ക്രിസ്തുമതത്തിൽ പുണ്യവതി എന്നു വിളിക്കപ്പെടുന്ന ഒത്തിരി സ്ത്രീകൾ ഉണ്ടായിട്ടുണ്ട് ഇസ്ലാം മതം പുരുഷകേന്ദ്രീകൃതമായതുകൊണ്ട് അതിൽ നിന്നും അങ്ങനെ ഒന്നുണ്ടാവുന്നില്ല.ഹിന്ദുമതത്തിന്റെ പ്രത്യേകതയും അതാണ്അമൃതാനന്ദമയീ എന്ന സ്ത്രീയെയെടുത്തുകഴിഞ്ഞാൽ അവരിൽ വ്യക്തിനിഷ്ഠമായിട്ടുള്ള ചില ജനിറ്റിക്കൽ അവയർനെസ് പ്രോണാണ് ജനിതകനിർണ്ണീതമായ, അമൃതാനന്ദമയി അധഃസ്ഥിത വർഗ്ഗത്തിൽ ജനിച്ചിട്ടും എല്ലാവരുടെയും ഗുരുവായുയരുവാൻ സാധിച്ചു. അതാണ് ഭാഗ്യം. പുരുഷകേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീയും അധഃസ്ഥിഅതവർഗ്ഗത്തിൽ പെട്ട കുലത്തിൽ ജനിച്ചിട്ടും അമൃതാനന്ദമയിക്ക് യാതൊരു അസ്പൃശ്യതയുമില്ല.നിർഭാഗ്യമെന്നു പറയുന്നത് ആർ എസ്സ് എസ്സിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും ഒക്കെ ഓമനക്കുട്ടിയായ് ജീവിക്കുന്നു എന്നതാണ്.അതവർ അറിയാതെ സംഭവിക്കുന്നതാണെന്ന് കരുതുന്നില്ല. നമ്മുടെ മുഖ്യധാര പത്രങ്ങളിലൊന്നും വന്നില്ലെങ്കിലും കേസരിമാത്രം പ്രസിദ്ധീകരിച്ച ഒരു മുൻ പേജ് വാർത്താചിത്രത്തിൽ നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് ഗുരുജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അമൃതാനന്ദമയി പ്രസംഗിക്കുന്നത് കൊടുത്തിരുന്നു. അത് മറ്റ് പത്രങ്ങളിൽ വന്നില്ല.അവർ അങ്ങനെയൊരു തടവുകാരിയായ് മാറിയിട്ടുണ്ട്. അവരുടെ കൂടെ നിൽക്കുന്ന സന്യാസിമാരാണ് അതിലെ പ്രാധാന വിദ്ദ്വാന്മാർ. എങ്കിലും ഇവരത്ര മണ്ടിയൊന്നുമല്ല. ഇവർക്കറിയാം പക്ഷേ പൊളിറ്റിക്കലി ഷീ ഇസ് എ ഫൂൾ.അതുകൊണ്ടാണ് അവർ ആർ എസ് എസ് എന്താണ് ബിജെപിയെന്താണ് ഹിന്ദുത്വവാദമെന്താണ് എന്നൊന്നും തിരിച്ചറിയാതെ ഇതിനെ പിന്തുണയ്ക്കുന്നത് അല്ലെങ്കിൽ നരേന്ദ്രമോഡിയെയൊന്നും അനുഗ്രഹിക്കുവാൻ ഇവർ താൽ‌പ്പര്യപ്പെടുമായിരുന്നില്ല.
ചോദ്യം :
കേരളത്തിൽ ആത്മീയ രംഗത്ത് പ്രവർത്തിക്കുന്ന ആരിലെങ്കിലും ആശാവഹമായ എന്തെങ്കിലും കാണുന്നുണ്ടോ?
സക്കറിയ :
ആത്മീയരംഗമെന്നോരു രംഗം അവിടെയുള്ളതായ് എനിക്കറിയില്ല അത്തരം ആശവഹമായ് പ്രവർത്തിക്കുന്ന ആരെയും എനിക്കറിയില്ല. നിത്യചൈതന്യയതിയൊക്കെ എഴുതിയിരുന്നു എങ്കിലും നിലവിലവിടെ ആരെങ്കിലും ഉള്ളതായ് എനിക്കറിയില്ല.കേരളത്തിൽ മഹനീയമായ ആദ്ധ്യാത്മികതയുണ്ടായിരുന്നൊരേയൊരാൾ നാരായണഗുരുവാണ് അത് പ്രതിമയായ് നടേശന്റെ കൈകളിലുമായ്.അവിടെ ആത്മീയതയുടെ ലാഞ്ചനപോലുമുള്ള ആരുമില്ല.ഹിന്ദുമതത്തിലോ ക്രിസ്തുമതത്തിലോ ഒന്നുമില്ല. പൌലോസ് മാർ പൌലോസ് ഒരു സഭയുടെ ഉള്ളിലൊതുങ്ങി ചില വ്യത്യസ്ത വീക്ഷണം അവതരിപ്പിച്ചു. ക്രിസ്തുമതത്തിൽ നല്ലതായി തോന്നിയത് ഫാ: എസ് കാപ്പനായിരുന്നു. അദ്ദേഹം പോലും ഒരു പാശ്ചാത്യ ഉത്തരാധുനിക സ്പിരിച്വാലിറ്റിയുടെ ചിന്താഗതിയുള്ള പാതയെ ആണ് പിന്തുടർന്നത്. അച്ചനെഴുതിയതും ദാറ്റ് വാസ് എ റെവലൂഷ്യൻ കത്തോലിക്കാ സഭയുടെ ഉള്ളിൽ ഒരു വിപ്ലവം തന്നെയായിരുന്നു
ഹിന്ദുമതത്തിൽ ആത്മീയത,അല്ലെങ്കിൽ ഞാൻ വിശ്വസിക്കുന്ന ആത്മീയത എന്ന് പറയുന്നത് ജെ കൃഷ്ണമൂർത്തിയെപ്പോലെയൊ,രമണമഹർഷിയെപ്പോലെയോ ഒരാൾ കേരളത്തിലില്ല.പിന്നെ കാര്യങ്ങൾ തിരിച്ചറിയുന്ന സ്വാമി സൂഷ്മാനന്ദനെപ്പോലെയുള്ളവരുണ്ട്.പക്ഷേ അവർക്കൊന്നും ആ രീതിയിലുള്ള ആത്മീയതയെ പ്രോത്സാഹിപ്പിക്കുവാൻ സാധിക്കുന്നില്ല. മതാതീത ആത്മീയത എന്ന ശിവഗിരിയുടെ മുദ്രാവാക്യം അടുത്ത ശാശ്വതീകാനന്ദ തുടങ്ങി വെച്ചതാണ് അതവിടെ പറയുകയല്ലാതെ പ്രവൃത്തിയിലാക്കാൻ ആ മഠത്തിലുള്ളവർക്ക് കഴിയുന്നില്ല.കാരണം അതിന്റെ നിയന്ത്രണം അവരുടെ കൈകളിലല്ല.അത് ഒരു സൊസൈറ്റിയുടെ തടങ്കലിലാണ്.പ്രചരിപ്പിക്കാനുള്ള സ്വാതന്ത്രമൊന്നും അതിനുള്ളിലില്ല. ഇസ്ലാം മതത്തിൽ നിന്നും ആരുമില്ല.
ചോദ്യം അമൃതാനന്ദമയിയൊ?
സക്കറിയ:
അമൃതാനന്ദമയിയൊന്നും സ്പിരിച്വാലിറ്റിയുടെ ആളെയല്ല.കൃസ്തുമതത്തിൽ നിന്നും ആരുമില്ല കേരളത്തിൽ നവോത്ഥാനമുണ്ടായത് നാരായണഗുരുവിന്റെ നിശബ്ദ വിപ്ലവം വഴിയാണ് ഈഴവന്മാരുടെ കാടിളക്കിയപ്പോഴാന് കേരളമൊന്നിളകിയത്

മതം ,രാഷ്ട്രീയം


ചോദ്യം:
ഹിന്ദുമതത്തിലെ വളരെ ചെറിയ പക്ഷം ആൾക്കാർ അടുത്തകാലത്തായി നടത്തുന്ന ആക്രമണ/ പ്രത്യാക്രമണ സ്വഭാവങ്ങൾ ഭാരതത്തിന് ഒരു വെല്ലുവിളിയായ് തോന്നുന്നുണ്ടോ?
സക്കറിയ:
എനിക്ക് തോന്നുന്നില്ല. ഇതൊക്കെ പ്രത്യാക്രമണമൊന്നും പ്രത്യയശാസ്ത്രത്തിലില്ലാത്ത രാഷ്ട്രീയക്കാർക്ക് സ്വന്തം കാര്യവും സ്വന്തം പാർട്ടികാര്യവുംനോക്കാനുള്ള കഴിവില്ലായ്മകൊണ്ടുണ്ടാകുന്നു അല്ലെങ്കിൽ ഇൻഡ്യയിൽ അധികാരം പിടിച്ചെടുക്കാനുള്ള ഏറ്റവും എളുപ്പ വഴി മതമാണെന്ന് രാഷ്ട്രീയക്കാരനു മനസ്സിലായി . ആപാതയിലേക്ക് തുടക്കം കുറിച്ചത് ഇന്ദിരാഗാന്ധിയാണ് അല്ലാതെ ആർ എസ് എസുകാരൊന്നുമല്ല. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥകൊണ്ടുവന്നു ഒറ്റയടിക്ക് ഇവിടുത്തെ ജനാധിപത്യസംവിധാനത്തെ കടലിലെറിഞ്ഞു.
ജനാധിപത്യം കശാപ്പുചെയ്യാൻ ആരു വിചാരിച്ചാലും നടക്കും എന്നുമറ്റുള്ളവർക്ക് കാണിച്ച് കൊടുത്തത് ഇന്ദിരാഗാന്ധിയാണ്.അതിൽ നിന്നാണ് അധികാരം കൊതിച്ചു നടന്ന ചെറിയ ചെറിയ ഗ്രൂപ്പായിരുന്ന ആർ എസ് എസ് കാർക്ക് ബാബറീമസ്ജിദ് തകർക്കുക എന്ന പിന്തിരിപ്പൻ പ്രവർത്തി അല്ലെങ്കിൽ ഒരു കഴമ്പുമില്ലാത്ത ഒരു നോൺസൻസ് ചെയ്തിട്ട് ഇവിടെ അധികാരത്തിൽ വരുവാൻ സാധിച്ചു അത് അവരുടെ മിടുക്കുകൊണ്ടല്ല മതേതരപാർട്ടികൾ എന്ന പേരിൽ ഇവിടെ വട്ടം കൂടിനിൽക്കുന്ന കോൺഗ്രസ്സടക്കമുള്ള വിഡ്ഡ്യാന്മാരുടെ ബുദ്ധിമോശമാണ്
ചോദ്യം:
രാജാവ് മുസ്ലിമും അദ്ദേഹത്തിന് പാക്കിസ്ഥാനോട് താൽ‌പ്പര്യവും എന്നാൽ ജനസംഖ്യയിൽ അധികം ഹിന്ദുക്കൾ ഉണ്ടായിരുന്നു എന്ന കാരണം പറഞ്ഞാണ് ഹൈദ്രാബാദിനെ ഭാരതത്തോട് ചേർത്തത് രാജാവ് ഹിന്ദുവും ഭൂരിഭാഗജനത മുസ്ലിമുകളുമായ കാശ്മീരിനെ ജനഹിതം നോക്കാതെ രാജഹിതപ്രകാരം ഇൻഡ്യയോട് ചേർക്കുകയും ചെയ്തു ഇത്തരം ഒരു ഇരട്ടത്താപ്പ് നയത്തിന്റെ അനുബന്ധ ദുരന്തമല്ലെ കാശ്മീരിൽ ഇന്നും നിലയ്ക്കാത്ത, ഭാരതീയ യുവത്വത്തിന്റെ ബലിയിടം ആയി മാറിയത് ഇതിനൊരു ശമനം എന്നെങ്കിലും ഉണ്ടാകുമോ?
സക്കറിയ:
ഉണ്ടാകേണ്ടത് അത്യാവശ്യമാണ് ഉണ്ടാവാൻ പ്രയാസവുമാണ്.ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് അവരുടെ രാഷ്ട്രീയം നിലനിർത്താനും തെരഞ്ഞെടുപ്പ് നേരിടാനും അതാത് സമയത്ത് ഇടിമുഴക്കമുണ്ടാകുവാനും കാശ്മീർ ആവിശ്യമാണ് എന്നത് പോലെ തന്നെ അതിലും അത്യാവിശ്യമാണ്കാശ്മീരിലെ ഭരണകൂടങ്ങൾക്ക് അതിലുമപ്പുറത്ത് ഈ രണ്ടു കൂട്ടരും, ഇൻഡ്യയും പാക്കിസ്ഥാനും ഇതിൽ നോൺ ഇഷ്യൂസ് ആണ് .കാശ്മീരിൽ തന്നെയുള്ള ഇന്ന് സോ കോൽഡ് കാശ്മീർ വാദികൾ എന്നപേരിലവിടെ പ്രവർത്തിക്കുന്നവരെല്ലാം സ്വന്തം രാഷ്ട്രീയ വ്യവസായം നടത്തുന്ന കമ്പിനികളാണ്.തീവ്രവാദികൾ മുഴുവൻ അങ്ങനെ തന്നെയാണ്. പഞ്ചാബിലൊരു കാലത്ത് തീവ്രവാദം വളർന്നത് പോലെ ഇവരെല്ലാം തീവ്രവാദത്തിൽ ഇൻ‌വെസ്റ്റു ചെയ്തിരിക്കുന്ന , ലാഭം മുഴുവൻ വിമാനം ചാർട്ട്ചെയ്ത് സ്വിസ് ബാങ്കിലിടുന്ന വ്യവസായികളാണ്.. പഞ്ചാബിൽ ഗില്ലിനെപോലുള്ളവർ ഇതിൽ നുഴഞ്ഞുകയറി ഇതിനെ തകർക്കുകയായിരുന്നു.അതിനാൽ എല്ലായിടത്തും അറ്റ് സം പോയിന്റ് ടെറർ ബികം ഏ ബിസിനസ്സ് .ഈ ബിസ്സിനസ്സുകാരെയില്ലാതാക്കുകയാണ് പ്രയാസം. കാശ്മീർ സംബന്ധിച്ച് നാളെയിനി ഇൻഡ്യയ്ക്കും പാക്കിസ്ഥാനും സമാധാനം ഉണ്ടാക്കണം എന്നാഗ്രഹിച്ചാൽ പോലും ഇതുകൊണ്ട് വയറ്റിപ്പിഴപ്പല്ല കോടികൾ സമ്പാദിക്കുന്ന ബ്യൂറോക്രാറ്റുകൾക്കും ബോർഡർ സെക്യൂരിറ്റി ഫോഴ്സിനും രാഷ്ട്രീയക്കാർക്കും ഒന്നും ഒരിക്കലുമതിനാഗ്രഹമില്ല. അവർ ശ്രമിക്കുകയുമില്ല.
ചോദ്യം:
ഇൻഡ്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷമായിരിക്കുന്നത് ക്രിസ്ത്യാനികൾ ആണ് ഇത് മതപരിവർത്തനത്തിലൂടെ നേടിയതാണ് ബ്രിട്ടീഷുകാർ പോലും അതിർത്തി സംസ്ഥാനം ആകയാൽ അപകട സാദ്ധ്യത മണത്ത് മതപരിവർത്തനം നിരോധിച്ചിരുന്നു . പിന്നീടു ഭാരതത്തിൽ അധികാരത്തിൽ വന്ന നെഹൃവിന്റെ ഭരണ സമയത്താണ് ആദ്യം അവിടെ മതപരിവർത്തനത്തിന് അനുമതി കൊടുത്തത് രാഷ്ട്രീയ ലാഭം നേടാൻ ആയിട്ടാണ് അനുമതി കൊടുത്തത് ഇപ്പോൾ ഈ സംസ്ഥാനങ്ങളിലൊക്കെ ഭൂരിപക്ഷജനത മതപരിവർത്തനം ചെയ്ത ക്രിസ്ത്യാനികളാണ്. അവിടുത്തെ ചെറുപ്പക്കാർ ആദ്യകാലത്ത് ക്രിസ്ത്യൻ മിഷണറിമാരുടെ സഹായത്തോടെ ആയുധമണിയുകയും ഇപ്പോൾ വൻ തോതിൽ കാശ്മീരിനെപ്പോലെ ആൾനാശം ഉണ്ടാക്കുകയും ചെയ്യുന്നു. രാഷ്ട്രിയക്കാർ തുറന്നു വിട്ട ഭൂതമാണിത് .മതേതരത്വം എന്ന കള്ള പേരിൽ പലരും ഒന്നും മിണ്ടാതെയുമിരിക്കുന്നു ഇതിനെപറ്റി എന്തു തോന്നുന്നു?.
സക്കറിയ:
ഇതിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് നോർത്ത് ഈസ്റ്റ്, നേഫ എന്നു വിളിക്കപ്പെടുന്ന രാജ്യങ്ങൾ മുഴുവൻ, അഫ്ഗാനിസ്ഥാനുൾപ്പെടുന്ന ആ മേഖലമുഴുവൻ ഇൻഡ്യൻ ജനുസ്സിൽ പെട്ടയാൾക്കാരുടെതല്ല.അടിസ്ഥാനപരമായിട്ട് ഈ മേഖലയ്ക്ക് അങ്ങനെയൊരു സാമ്യമില്ല
അപ്പോൾ ഏതു തരത്തിലാണ് ബ്രിട്ടീഷുകാർ ഇൻഡ്യയെ വരച്ചു ചേർത്തത് എന്നു കൂടി ആലോചിക്കണം ഇതിൽ നിന്നും പാക്കിസ്ഥാൻ മുറിഞ്ഞു പോയി ഈ കാര്യം ഞാൻ ഇപ്പോൾ ശരിക്കും ഓർമ്മിക്കുന്നില്ല എങ്കിലും ഓർമ്മയിലുള്ളതിലൂടെ പറയുകയാണെങ്കിൽ ഏതു തരത്തിലാണ് ഇൻഡ്യയുണ്ടായത് അല്ലെങ്കിൽ ആപ്രദേശത്തെ ആളുകളോട് ഇൻഡ്യക്കാരെന്നു വിളിക്കപ്പെടുന്നയാൾക്കാർ എപ്രകാരമാണ് പെരുമാറിയത് എന്നൊക്കെ നോക്കണം അല്ലാതെ ഇതത്രയെളൂപ്പത്തിൽ മിഷണറിമാർ കൊടുത്ത തോക്കും കൊണ്ട് വിഘടനവാദം ആരംഭിച്ചു എന്നു പറഞ്ഞാൽ ശരിയാകുകയില്ല.അല്ലെങ്കിൽ അതെത്രമാത്ര ശരിയാകും എന്ന് അതിന്റെ ചരിത്രം കൂടി നാം വിശദമായ് പരിശോധിക്കണ്ടിയിരിക്കുന്നു.മതപരിവർത്തനം അല്ലെങ്കിൽ മതം മാറിയത് കൊണ്ട് ഞങ്ങൾക്കിന്ത്യവേണ്ട എന്നു പറയേണ്ടിവന്നു എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. അങ്ങനെയായിരുന്നെങ്കിൽ കേരളത്തിലെ ക്രിസ്ത്യാനികൾക്കും മുസ്ലീമുകൾക്കും, ബുദ്ധിസ്റ്റുകൾക്കും ഒക്കെ അങ്ങനെ പറഞ്ഞുകൂടെ? മതം മാറിയതുകൊണ്ടായിരിക്കില്ല ഈ ഓരോ ട്രൈബും ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും വിശ്വാസം കൊണ്ടും അവരുടെ പഴയ ട്രൈബൽ ഫോഴ്സും എല്ലാം വ്യത്യസ്തങ്ങളാണ്. മണിപ്പൂരിലെയും മിസോറാമിലെയും നാഗാലന്റിലേയും ഒക്കെ അങ്ങേയറ്റം വ്യത്യസ്തമായ ട്രൈബുകളാണ്. ഈ ട്രൈബുകൾ ഇൻഡ്യൻ രാഷ്ട്രത്തോട് കലഹിച്ചു എന്നു പറഞ്ഞാൽ അത് മതവിശ്വാസം വെച്ചു കൊണ്ട് കലഹിച്ചു എന്നു ഞാൻ വിശ്വസിക്കുന്നില്ല. അവർക്ക് വിദ്യാഭ്യാസം കൊടുത്തു, വിദ്യനേടിയപ്പോൾ ഫണ്ടമെന്റൽ റൈറ്റ്സിന്റെ കാര്യത്തിൽ അവർക്കും മറ്റ് ഇൻഡ്യൻ പൌരന്മാർക്കും തമ്മിലുള്ള തുല്ല്യതയില്ലായ്മയും അതുപോലെ മറ്റു പലകാര്യങ്ങളിലും ഉള്ള വ്യത്യാസം അവർക്ക് മനസ്സിലായി അവരല്ലാത്തയാളുകൾ അവരെ വന്നു ഭരിക്കുവാൻ തുടങ്ങിയപ്പോഴാണ് അവിടെ പ്രശ്നങ്ങളുണ്ടായത്. ആ നാടുകളിൽ അവരതിനു മുൻപ് കണ്ടിട്ടില്ലാത്തയാളുകൾ അവരുടെ മേലുദ്യോഗസ്ഥന്മാരും പോലീസും കളക്ടറും ഒക്കെയായ് എവിടെനിന്നോ വന്നയാളുകൾ മറ്റൊരധിനിവേശം പോലെ അവരെ ഭരിക്കുവാൻ തുടങ്ങി. കേരളത്തിലോ തമിഴ്നാട്ടിലോ ഒക്കെ വെള്ളക്കാർ പോയ ശേഷം വെറെയാരും വന്ന് നമ്മെ ഭരിച്ചില്ല ഇവിടുന്നു തന്നെയുള്ള ബോറന്മാർ തന്നെയായിരുന്നു കളക്ടറും പോലീസുമൊക്കെയായ് എത്തിയത് ഇതിനു വിപരീതമായിരുന്നു അവരുടെ ഭാഷപോലുമറിയാത്തയാൾക്കാർ അവരെ വന്നു ഭരിക്കുന്നതിൽ നിന്നാണ് ഇതുണ്ടായത്
ചോദ്യം :
ന്യൂനപക്ഷ പ്രീണനത്തെ ഹിന്ദുക്കളിലെ ഒരു വിഭാഗം വെറുക്കുന്നുണ്ട്. ഗിരിവർഗ്ഗ പ്രദേശത്തെ മതപരിവർത്തനത്തെയും ഒരു വിഭാഗം ഹിന്ദു സമൂഹം വളരെ പ്രകോപനപരമായ് കാണുന്നു ഇതിനെക്കുറിച്ചു സാംസ്കാരിക നായകരെപ്പോഴും മൌനം പാലിക്കുന്നു. സത്യത്തിൽ ഇവിടെ ന്യൂനപക്ഷ പരിഗണന ആവിശ്യമുണ്ടോ?
സക്കറിയ:
അത് ആരും പറയില്ല. രാഷ്ട്രീയക്കാർ പറയില്ല മതപുരോഹിതന്മാർ തീർച്ചയായിട്ടും പറയുകയില്ല. ന്യൂനപക്ഷമെന്ന പരിഗണന ഇവിടെ മതത്തിന്റെ പേരിൽ കൊടുക്കുന്നത് തന്നെ തെറ്റായിരിക്കും എന്നുള്ള വിശ്വാസക്കാരനാണ് ഞാൻ. ഇവിടെ ഏതെങ്കിലും ന്യൂനപക്ഷം ഉണ്ടെങ്കിൽ ബുദ്ധ ,ജൈനമതക്കാരാണ് വെറേയാരാണിവിടെ ന്യൂനപക്ഷം? അറ്റ്ലിസ്റ്റ് കേരളത്തിലെങ്കിലും ആരാണ് ന്യൂനപക്ഷം? ഇൻഡ്യയൊട്ടാകെയെടുക്കുമ്പോൾ ചില സംരക്ഷണങ്ങൾ വേണമായിരിക്കും എണ്ണങ്ങളാണല്ലോ ജനാധിപത്യം മേജോരിറ്റി ആൻഡ് മൈനോരിറ്റി പക്ഷേ ആ കൊടുക്കൽ വെച്ചു കൊണ്ട് വിലപേശുന്ന ന്യൂനപക്ഷങ്ങളല്ലാത്ത ഭൂരിപക്ഷങ്ങളൂം അധികാരി വർഗ്ഗവുമായിത്തീർന്ന ക്രിസ്ത്യാനികളും മുസ്ലീമുകളുമുണ്ട് അതേ സമൂഹത്തിൽ ന്യൂനപക്ഷങ്ങളുടെ ലേബലണിഞ്ഞ് എല്ലാ ആനുകൂല്ല്യങ്ങളും പിടിച്ചു വാങ്ങി കൊണ്ടിരിക്കുന്ന കമ്പ്ലീറ്റ് നോൺസെൻസ് . ഇത് അസത്യവും അനീതിയുമാണ് അതേ സമയം ക്രിസ്ത്യാനികളൂടെ ഇടയിൽ തന്നെ പുലയ ക്രിസ്ത്യാനി എന്നൊക്കെപറഞ്ഞ് കൊണ്ട് ഉണ്ട് അവരിലൊരാളെ അച്ചനാക്കുകയോ അവരിലൊരാളെ കന്യാസ്ത്രീയാക്കുകയോ ചെയ്യാതെ എന്തിനധികം മറ്റ് സവർണ്ണ കൃസ്ത്യാനികളൂടെ ഇടയിൽ നിന്നും വിവാഹം കഴിക്കുകയോ കൂടി ചെയ്യില്ല. അത്തരം ആൾക്കാർക്കായ് ന്യൂനപക്ഷ പരിഗണന ഇവർക്ക് തന്നെ നൽകി കൂടെ കേരളത്തിൽ ഒരു ന്യൂനപക്ഷം ഉണ്ടെങ്കിൽ അത് കടൽത്തീരത്ത് കിടക്കുന്ന കുറേ സാധുക്കളും പിന്നെ ആദിവാസികളുമാണ് മതം കൊണ്ടൊന്നുമല്ല പക്ഷം തിരിക്കേണ്ടത് അത് ജീവിക്കുന്ന ക്ലാസ്സ് തിരിച്ച് ന്യൂനപക്ഷത്തെ കണ്ടെത്തണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്ന ന്യൂനപക്ഷമായ ആദിവാസികളുടെ കഥതന്നെ കഴിച്ചു.
ചോദ്യം:
യൌവന തീഷ്ണതയിൽ വിഗ്രഹങ്ങൾ തച്ചുടയ്ക്കുകയും വാർദ്ധ്യക്യത്തിൽ വിഗ്രഹങ്ങളാവാൻ കൊതിക്കുകയും ചെയ്യുക അല്ലെങ്കിൽ നാം തല്ലിയുടച്ചുകളയാൻ ശ്രമിച്ച9 വിഗ്രഹങ്ങളൂടെ മുഖം നമ്മളിൽ തന്നെ മുളച്ച് വരിക ഇതൊക്കെ എല്ലാ കാലത്തും എല്ലാ ദേശത്തും സംഭവിക്കാറുണ്ട്. ഉദാഹരണത്തിന് "ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് " എന്ന് പറഞ്ഞ യുക്തിവാദി സഹോദരൻ അയ്യപ്പൻ പിന്നീട് "ജയ നാരായണ ജഗദ് ഗുരോ ജയ ഭഗവാനേ ജയിക്ക സദ് ഗുരോ" എന്ന് എഴുതുകയുണ്ടായ് ഇതിനു കാരണമായ് മനസ്സിലാക്കാവുന്നത് കൂടുതലറിയുമ്പോൾ നേരത്തെയറിഞ്ഞ പലതും ശരിയല്ല എന്ന തിരിച്ചറിവിൽ നിന്നായിരിക്കുമോ? താങ്കൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടോ?
സക്കറിയ:
കാലം തീർച്ചയായിട്ടും മാറ്റങ്ങൾ വരുത്തുന്നുണ്ട്.കാലം നമ്മളെ കൂടുതൽ സ്വതന്ത്രരാക്കാറുണ്ട്,എന്നെ സംബന്ധിച്ച് ഞാനെടുത്തിട്ടുള്ള മതപരവും രാഷ്ട്രീയവും ആത്മീയവുമായ നിലപാടുകളിൽ ഒന്നിനൊന്ന് രൂക്ഷമെന്നോ,ശക്തിയുള്ളതെന്നോ,ആഴത്തിൽ പോകുന്നതെന്നോ പറയാം.ഞാൻ സംശയിച്ചു നിന്നിരുന്ന വിശ്വാസത്തിന്റെ പലകാര്യങ്ങളും എന്റെ സംശയത്തിൽ നിന്നും തികച്ചും മാറി പോകുന്ന അവസ്ഥയിലേക്ക് വന്നിട്ടുണ്ട്
ചോദ്യം:
"ആർക്കറിയാം ഈ പ്രപഞ്ചം സൃഷ്ടിച്ചതാരാണെന്ന് ഒരു പക്ഷേ ദൈവത്തിനറിയാമായിരിക്കും അല്ലെങ്കിൽ ദൈവത്തിനുമറിയില്ലായിരിക്കും കാരണം ദൈവവും പ്രപഞ്ച സൃഷ്ടിക്കു ശേഷമുണ്ടായതായിരിക്കുമല്ലോ"എന്നതരത്തിൽ ദൈവത്തിന്റെ ഒറിജിനിലിറ്റിയെ തന്നെ ചോദ്യം ചെയ്യുന്നതരത്തിൽ ഋഗ്വേദത്തിൽ പോലും ഒരു സംശയമുണ്ട്
സക്കറിയ:
അതെ ഈ ഈശ്വരന്റെ കാര്യത്തിലൊക്കെ. കോടിക്കണക്കിനാളുകൾ വിശ്വസിക്കുന്ന ഈശ്വരപരമായ കാര്യങ്ങൾ ഞാനൊരുത്തൻ മാത്രം ഇങ്ങനെ മാറി നിന്ന് കൊണ്ട് ഇതിലെന്തിരിക്കുന്നു ഇവരൊക്കെ മണ്ടന്മാരാണ് എന്നൊക്കെപ്പറയുന്നതിൽ വിഡ്ഡിത്തരമുണ്ടോ എന്നിട്യ്ക്കു നമുക്കു ഭയങ്കരമായ ഒരു പേടി തോന്നുകില്ല്ലെ
ദൈവത്തിന്റെ ഉണ്മ, ഏതിലേയൊക്കെകൂടി ദൈവം കയറിവന്നത് എന്നുമൊക്കെ നിശ്ചയിച്ച വ്യവസ്ഥാപിത മതമെന്നു പറയുന്നതിനെ പറ്റി എനിക്ക് യാതൊരു സംശയവും ബാക്കിയില്ല.
ദൈവമുണ്ടോ എന്നു ചോദിച്ചാൽ എനിക്കതിനെക്കുറിച്ച് വ്യക്തമായ മറുപടിയില്ല ആർക്കറിയാം ദൈവമുണ്ടോ എന്ന്? ദൈവമെന്ന പേരിന്റെ സിഗ്നിഫിക്കൻസ് എന്താണ് എന്നു കൂടി എനിക്കറിഞ്ഞു കൂട.എന്തുകൊണ്ട് ദൈവം എന്ന വാക്ക് വന്നു എന്നു പോലും എനിക്കറിയില്ല.
കാഡൽ ആംസ്ട്രോങ്ങിന്റെ ഹിസ്റ്ററി ഓഫ് ഗോഡ് എന്ന പുസ്തകത്തിൽ റിലീജിയസ് ടെന്ന്ടൻസി എന്നു പറയുന്നത് കലാപരമായും മറ്റുമുള്ള ടെണ്ടൻസികളിൽ ഒന്നുമാത്രമാണ്.എന്റെ എഴുത്തിനെ ഞാൻ മനസ്സിലാക്കണം അതിന്റെ ലിമിറ്റേഷൻസിനെ ഞാൻ മനസ്സിലാക്കണം,റിലീജിയസ് ടെണ്ടൻസിയുടെ വീതിയും നീളവും കനവും ഞാൻ തിരിച്ചറിയണം അതെ സമയം അത്തരം ഒരു ടെണ്ടൻസി ഉണ്ടാവാതിരിക്കാനും വയ്യ പക്ഷേ എനിക്ക് പ്രായമാകുന്തോറും രാഷ്ട്രീയമുൾപ്പെടെ ബാക്കിയെല്ലാകാര്യത്തിലും ഉറപ്പു വരികയാണ്. നമുക്ക് സാമ്പത്തിക സ്വാതന്ത്രമുണ്ടായാൽ അല്ലെങ്കിൽ നമ്മൾ വെറൊരാളിനു വേണ്ടി ജോലി ചെയ്യുന്നു ശമ്പളം മേടിക്കുന്നു അവനിഷ്ടമില്ലാത്തയെന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്താൽ നമ്മളെ പറഞ്ഞുവിടാം ഇതുകൊണ്ടാണ് പലരും കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്നത് എന്നിട്ടുപോലും റെബലു ചെയ്യുന്ന എത്രയോപേരുണ്ട് സോ കോൽഡ് സാംസ്കാരിക നായകന്മാരൊക്കെ നിലനിൽക്കുന്നത് ഒരക്ഷരം മിണ്ടാതെയാണ്. എനിക്ക് പ്രായം ചെല്ലുന്തോറും ഉറപ്പുള്ളകാര്യങ്ങളിൽ ഉറപ്പു വർദ്ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. പിൻ തിരിഞ്ഞുനോക്കുമ്പോൾ പലതും ഇന്നും നാളെയും കൊണ്ട് മാറ്റി മറിക്കാം എന്നുള്ള ധാരണയ്ക്ക് മാറ്റം വന്നിട്ടുണ്ട് ഒരു സാംസ്കാരിക മാറ്റം മൂന്നു കോടി ജനങ്ങളുടെ ഇടയിൽ മാറ്റം വരുത്തണമെങ്കിൽ വളരെ പ്രയാസമാണ്.ഇത്രയൊക്കെ വിദ്യാഭ്യാസം നേടിയിട്ടും ജാതിയും മതവും പറഞ്ഞു നടക്കുന്നവരാണല്ലൊ കേരളത്തിൽ കൂടുതൽ അവിടെ ഒന്നിനൊന്ന് അനുഷ്ടാനങ്ങളും ആരാധനകളും വർദ്ധിക്കുകയും ആൾദൈവങ്ങളെ ചുമന്നു നടക്കുന്നത് വർദ്ധിക്കുകയും ചെയ്യുന്നു അവനവനു വേണ്ടി ചിന്തിച്ച് തീരുമാനമെടുക്കുന്ന ഒരാദ്ധ്യാത്മികതയവിടെയില്ല എന്നായി. ഗ്രന്ഥങ്ങളുടെ സ്വച്ഛാധിപത്യം വർദ്ധിച്ചു. പരിശുദ്ധ ഗ്രന്ധങ്ങളുടെ പേരിൽ സ്ഥാപിക്കപ്പെട്ട ബൈബിളും , ഖുറാനും ഗീതയും രാമയണവുമൊക്കെയായി. ഞാൻ കഥയെഴുതുന്നതു പോലെയോ ഓ.വി വിജയൻ നോവലെഴുതുന്ന പോലെയോ എന്നോ ആരോ എഴുതിവെച്ച വാക്കുകൾ ഇതു ദൈവവാക്യമാണെന്നും പരിശുദ്ധമാണെന്നും പറഞ്ഞ് മറ്റുള്ളവരുടെമേൽ അടിച്ചേൽ‌പ്പിക്കുന്നു
ഒരു ഗ്രന്ഥാധിപത്യം ഒരു പുസ്തകവും ദൈവവാക്യമല്ല അല്ലെങ്കിൽ മറിച്ചു പറഞ്ഞാൽ എല്ലാ പുസ്തകങ്ങളും ദൈവവാക്യങ്ങളാണ് എല്ലാമനുഷ്യരിലൂടെ പറയപ്പെടുന്നവക്കുകളും ദൈവവാക്യങ്ങളാണ് അല്ലാതെ ചില പുസ്തകങ്ങളിൽ മാത്രമേ ഇതുള്ളു എന്നു പറയുന്നത് കള്ളമാണ്
ഇതിനെല്ലാം അടിമയായ് നിൽക്കുന്ന സാംസ്കാരിക നായകന്മാരും ഇതിൽ നിന്നും വ്യത്യസ്തമല്ല.
ഹോമിയോ മരുന്നിന്റെ രീതിയിൽ മതത്തെ ഉപയോഗിക്കുക പായസം കുടിക്കുമ്പോലെയാകുമ്പോഴാണ് രോഗമാവുന്നത് മതം ബാധയായ് കൊണ്ട് നടക്കുന്നവരെയാണ് സൂക്ഷിക്കേണ്ടത്.
ചോദ്യം:
സക്കറിയ എന്ന പേരുള്ളതു കൊണ്ടാണോ സക്കറിയ എന്ന എഴുത്തുകാരനെതിരെ ഹിന്ദു വിരോധി എന്ന നിലയിൽ പലരും പറയുന്നത്? ഇതിലെന്തെങ്കിലും ഭയപ്പാട് തോന്നുന്നുണ്ടോ?
സക്കറിയ :
എന്തിന്,ഞാനൊരിന്ത്യൻ പൌരനല്ലെ? എനിക്കിവിടുത്തെ മതത്തിന്റെ ഇടപാടുകളുമായൊന്നും യാതൊരു ബന്ധവുമില്ല. ഇൻഡ്യയിലിപ്പോഴും ഒരു മതേതര രാഷ്ട്രവും റീസണബിളി ന്യൂട്രിലായ ഒരു ഭരണകൂടവുമുണ്ട്.ഇതെല്ലായിടത്തും അവയ്ലബിളാണ്.അതിനൊന്നും ഇന്നും ഒരു കേട് സംഭവിച്ചിട്ടില്ല.അത് ബീജെപിയൊക്കെ വന്നാലും വിശ്വഹിന്ദുപരിഷത്തുകാരൻ ഹോം മിനിസ്റ്ററായി കയറിയിരുന്നിട്ടും ഒരു കുഴപ്പവുമുണ്ടായില്ല. അതാണ് ബ്രിട്ടിഷുകാരനുണ്ടാക്കിവെച്ച ബ്യൂറോക്രാസിയുടെ ഗുണം.


സാഹിത്യം


ചോദ്യം:
ഗ്ലോറി മരിച്ചപ്പോൾ ജി .ശങ്കരക്കുറുപ്പും രജനിമരിച്ചപ്പോൾ ഓ എൻ വിയും കവിതയെഴുതിയിരുന്നു ഇവർ യാഥക്രമം കോൺഗ്രസ്സ് , കമ്മ്യൂണിസ്റ്റ് അനുഭാവം പുലർത്തുന്നവരാണ്.പ്രശ്നം ഏറ്റെടുത്തതും കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരായിരുന്നു. ജോഗി മരിച്ചപ്പോഴൊ ശാരി എസ് നായർ മരിച്ചപ്പോഴൊ അല്ലെങ്കിൽ അതിലും ക്രൂരമായ് കേവല മത രാഷ്ട്രീയ കൊലക്കളങ്ങളിൽ ബലിയാടായ് തീരുന്ന സാധുക്കളും ഒരു പക്ഷവുമില്ലാത്തവർക്കായ് ഏതു പക്ഷം എഴുത്തുകാർ വരും? സിസ്റ്റർ അഭയയെപ്പോലുള്ളവർക്കൊക്കെ വേണ്ടി ശബ്ദിക്കാൻ എതു തരം സാംസ്കാരിക നായകന്മാർ വരും?
പക്ഷം തിരിഞ്ഞു പുകഴ്ത്താനുംഇകഴ്ത്താനും സ്ഥാനമാനങ്ങൾക്കായ് പിന്തുണക്കാനും ഇവിടെ സാഹിത്യകാരന്മാർക്കൊരു മടിയുമില്ല എഴുത്തുകാരിൽ മാനവികത ഇല്ലാതായോ?
സക്കറിയ:
എഴുത്തുകാരിൽ പൊതുവെ ഇതു കാണാറില്ല. പേടിയടക്കമുള്ള സ്വാർത്ഥതയാണ് പലരും അഭിപ്രായം തുറന്നു പറയാൻ മടിക്കുന്നതിനു പിന്നിൽ.എന്തുകൊണ്ടാണെന്നറിയില്ല കേരളത്തിലെ പ്രമുഖ എഴുത്തുകാരെല്ലാം ധനികരാണ് അവർക്കു വലിയ കഷ്ടപ്പാടുകളൊന്നുമില്ല.ഒരു സങ്കടമോചനക്ഷേത്രത്തിലും പോകേണ്ടാത്തയാളുകളാണ് കോടീശ്വരന്മാരാണ്,ലക്ഷപ്രഭുക്കളാണ് ഒട്ടുമുക്കാലും, അപൂർവ്വം ചിലർ , വിരലിലെണ്ണാവുന്നവരെ ഉള്ളു കഷ്ടപ്പെട്ടുകഴിയുന്നവരായിട്ട്. തോമസ് ജോസഫിനെപ്പോലുള്ള ചിലർ കഷ്ടപ്പെട്ടു കഴിയുന്നുണ്ട്.ബാക്കിയുള്ള ചിലർ കാശുണ്ടായിട്ടും കള്ളു കുടിച്ചു നശിപ്പിച്ചു ദാരിദ്രം സ്വയം ഏറ്റുവാങ്ങുന്നവരാണ്.
എഴുത്തുകാർക്കൊന്നും ഇത്തരം അനീതികളോട് എതിർത്താൽ ഒന്നും നഷ്ടപെടാനില്ല. പക്ഷേ സർവ്വ സമ്മതനായിരിക്കുവാനാണ് ഇവർക്കൊക്കെ മോഹം. അതുകൊണ്ട് പുസ്തകങ്ങളൂടെയൊക്കെ കച്ചവടം വർദ്ധിക്കുമെന്നു കരുതുന്നുണ്ടാവും.ഞാൻ സർവ്വ സമ്മതനല്ല അതുകൊണ്ട് എന്റെ പുസ്തകങ്ങൾക്ക് കച്ചവടക്കുറവൊന്നുമില്ല. നല്ല കച്ചവടമുണ്ട്. കച്ചവടത്തിനെകരുതിയിട്ടു ഇത്ര കഷ്ടപെടണമെന്നില്ല. ഉള്ള കാര്യം തുറന്നു പറഞ്ഞ് മനുഷ്യനായിട്ടു ജീവിക്കുക.
ചോദ്യം:
ബിംബവൽകരിക്കപ്പെട്ട തൊഴിൽ വ്യക്തിത്വം മൂലം എഴുത്ത് രംഗത്ത് പലരും പെട്ടെന്ന് അർഹമായതിലും അധികം പ്രശസ്തി നേടുന്നു. മാദ്ധ്യമങ്ങളാഘോഷിച്ച നിരവധിയെഴുത്തുകാരുണ്ടിപ്പോൾ പവിത്രൻ തീക്കുനിയെപ്പൊലെ ഇവരുടെ വംശം നിലനിൽക്കുമോ?
സക്കറിയ:
ഞാനായാലും പവിത്രനായാലും എഴുതിയതിൽ കാര്യമുണ്ടെങ്കിൽ നിലനിൽക്കും. അല്ലെങ്കിൽ മാദ്ധ്യമങ്ങൾ അതാത് സമയത്തെ അവരുടെ ഉത്പന്നങ്ങൾ പൊലിപ്പുക്കുന്നതിനായ് ഉപയോഗിക്കപെടുന്നു എന്നല്ലാതെ ആ സാഹിത്യം നിലനിൽക്കില്ല.എഴുതിയതിന് വിലയുണ്ട്. ഉത്പന്നങ്ങൾ നിർമ്മിക്കുമ്പോൾ അത് മത്സരപരമായി നിർമ്മിക്കണം അങ്ങനെയുണ്ടാവുന്നതാണിത്.
വിഗ്രഹവത്ക്കരണത്തിൽ കാര്യമൊന്നുമില്ല അതും വിശ്വസിച്ച് വിഗ്രഹമാവാൻ ഇറങ്ങിതിരിച്ചവന്റെ അന്ത്യമാണ്.
ചോദ്യം:
ഈ കാലഘട്ടത്തിന്റെ എഴുത്തുകാരെയും പുനർവായനയെയും പറ്റി?
സി.വി തൊട്ട് കെ. ആർ മീര വരെ വീണ്ടും വായിക്കാവുന്നവർ ഒത്തിരിയുണ്ട് കവിതയിൽ വൈലോപ്പള്ളിയും ബാലചന്ദ്രനുമൊക്കെ പുതിയ തലമുറയിൽ വീണ്ടും വായിക്കണ്ട കാലമായിട്ടില്ല. ബി.മുരളി തോമസ്സ് ജോസഫ് എന്നിവരൊക്കെയുണ്ട്. അതിൽ തോമസ് ജോസഫിനെ മലയാളത്തിലെ വായനക്കാരും നിരൂപകരും ഒന്നും ഇനിയും മനസ്സിലാക്കാർ ശ്രമിച്ചിട്ടില്ല.
എനിക്കിഷ്ടപ്പെട്ട എഴുത്തുകാരിൽ പ്രധാന പത്ത് ഗദ്യകാരന്മാരിൽ മേതിൽ ഉണ്ട് യേശുമരിച്ച് 400 വർഷങ്ങൾക്ക് ശേഷം ആള് ദൈവമാകുകയും ബൈബിൾ ദൈവവചനമാകുകയും ചെയ്തു ചിലപ്പോൾ നാളെ മേതിൽ മലയാളസാഹിത്യത്തിന്റെ തലപ്പത്ത് വന്നുകൂടായ്കയില്ല.നല്ല ഫിക്ഷൻ നിലനിൽക്കും രാമായണവും മഹാഭാരതവും നിലനിൽക്കുന്നത് നല്ല ഫിക്ഷനായത് കൊണ്ടാണ്.


സംവിദാനദ്....

കുളം+പ്രാന്തത്തി- വിഷ്ണുപ്രസാദ്

പുസ്തക പരിചയം : സം‌വിദാനന്ദ്(മലയാളം വാരിക)


ഇന്ദ്രിയങ്ങളുടെ തോട്ടി


ഒരുവന്‍ തന്നിലേക്ക് തിരിയുന്നത്ര ആനന്ദം നല്കുന്ന ഒരു വസ്തുതയും ഈ പ്രപഞ്ചത്തിലില്ല. സര്‍ഗ്ഗ പ്രപഞ്ചത്തിലാവട്ടെ തന്നിലേക്കെന്നപോലെ പ്രകൃതി/പരിസര കാഴ്ചകളും അത്ര തന്നെ ആനന്ദാനുഭൂതി നല്കുന്ന ഒന്നായി അനുഭവപ്പെടുന്നു. അത്തരം ആനന്ദാനുഭൂതി നല്കുന്ന ഒന്നാണ്തിരുവനന്തപുരം ഡേല് ഗേറ്റ്സ് ബുക്സ് പുറത്തിറക്കിയ വിഷ്ണുപ്രസാദിന്റെ കുളം + പ്രാന്തത്തി എന്ന കവിതാസമാഹാരം.

വിഷ്ണുപ്രസാദിന്റെ കവിതകളുടെ പൊതു ഘടന ഗ്രാമ്യവാസനകളിലല്‍ നിന്നും രൂപപ്പെടുന്ന കാഴ്ചകളും നോവുകളുമാണ്. പ്രകൃതി പരിസരക്കാഴ്ചകളും,ജീവിത വിഹ്വലതകളും,തീപ്പിടിച്ച പാച്ചിലുകള്‍ക്കിടയില്‍ ഭദ്രമെന്നോതുന്ന എന്തുണ്ട് ബാക്കി എന്ന ആകുലതകളും ഒക്കെ ചേര്‍ന്ന കവിതകള്‍

ഐടിയുഗത്തിന്റെ വസന്തകാലത്ത് വസ്തുവകകളെ ചെറുതാക്കി സ്പെയ്സ് നിലനിര്‍ത്തുക എന്ന തന്ത്രത്തിനാണ് പ്രചുര പ്രചാരം കിട്ടിയിരിക്കുന്നത്. അത് പോലെ തന്നെ കാവ്യങ്ങളില്‍ നിന്നും ദീര്‍കവിതകളിലേക്കും പിന്നെ ചെറുകവിതകളിലേക്കും അവിടുന്ന് മുക്തക സമാനമോ, സൂത്രഭാഷ്യ സമാനമൊക്കെയായി കവിതയും രൂപാന്തരം പ്രാപിച്ചു.
സൂത്ര രൂപങ്ങള് അത്ര മോശമാണെന്ന് പഴമയുടെ കാവലാളന്മാര് പോലും പറയുമെന്നു തോന്നുന്നില്ല.
അല്പ്പാക്ഷരമസന്ദിഗ്ദം സാരവത് വിശ്വതോ മുഖം'എന്ന പ്രാചീനന്റെ വചനപ്രകാരം കുറച്ചക്ഷരങ്ങളില് അസന്ദിഗ്ദമായ് വിവിധാര്ത്ഥതലങ്ങളെയും ആശയതലങ്ങളെയും കൂട്ടിയോജിപ്പിക്കവാന് കഴിവുള്ളവതന്നെയാണ് ഇന്നുകളുടെ ഇത്തരം കവിതാരൂപക്കൂടുകള്.

വിഷ്ണുപ്രസാദിന്റെ കവിതകള്‍ക്കാവട്ടെ പൊള്ളുന്ന സമസ്യകളെ കോറിയിടുന്ന അതെ സൂക്ഷ്മതയോടുതന്നെ ഭാവികാലത്തിന്റെ നിലനില്പിലും ആശങ്കകളാണ് നിറയെ എന്ന സൂചകങ്ങളും ഉള്‍ക്കൊള്ളുന്നു. തന്റെ തന്നെ പരിസരകാഴ്ചകളെയും നന്മകളെയും,ഓര്ക്കുവാന് വിട്ടുപോയ ചില കാലങ്ങളെയും കരിമ്പില് നിന്നും കല്ക്കണ്ടമെന്നപോലെ വേര്തിരിച്ചെടുത്ത് മധുരവത്താക്കുവാന് വിഷ്ണുപ്രസാദിന്റെ കവിതകള്ക്ക് കഴിഞ്ഞിരിക്കുന്നു.


'ഒരു മുട്ടയിട്ടതിന് ഇത്രയധികം
നിലവിളിക്കാനുണ്ടോ എന്ന്
ജിമ്മി എന്ന നായ ചോദിച്ചു
നന്ദിനി എന്ന പശു ചോദിച്ചു
പഞ്ചവര്ണ്ണം എന്ന തത്ത ചോദിച്ചു\
ഒക്കത്ത് നിറയെ ചക്കക്കുട്ടികളുമായ്
നില്ക്കുന്ന പ്ലാവമ്മ ചോദിച്ചു
ആകാശവാണിയില് നിന്നും ഒഴുകിവരുന്ന
യേശുദാസ് ചോദിച്ചു
തെങ്ങോലയില് തൂങ്ങുന്ന
കാറ്റു ചോദിച്ചു.'..
എന്നിങ്ങനെ ചുറ്റുപാടുകള് മുഴുവന് ചോദിച്ചിട്ടും മൈന്‍ഡ് ചെയ്യാത്ത കോഴിയോട് കരഞ്ഞ് കാണിച്ചാല്‍ മുട്ട പൊരിക്കാതിരിക്കില്ലെന്നും കോഴിയെ വറുക്കാതിരിക്കില്ലെന്നും ഉള്ള യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നു അതൊന്നും കേള്‍ക്കാതെ ഞാനിട്ട മുട്ട ഞാനിട്ട കരച്ചില്‍ എന്ന മട്ടില്‍ കോഴിയമ്മ ഒറ്റ ഓട്ടം വെച്ചു കൊടുത്തു ഇങ്ങനെ ലളിതമായ വരികളിലൂടെ തന്റെ ചുറ്റുപാടുകള്‍ വിവരിക്കുന്ന 'കോഴിയമ്മ 'എന്ന കവിത പോലെ മറ്റ് പല ജീവികളും കവിതകളായ് മനുഷ്യാവസ്ഥയുടെതെന്നെ ഏതൊക്കയൊ ചിത്രങ്ങളെ മനസ്സില്‍ കോരിയിടുന്നുണ്ട്.
നിറയെ കായ്ച്ചു നില്‍ക്കുന്ന 'മാവി'ലേക്ക് എത്തുമ്പോള്‍ എത്ര ഏറു കൊണ്ടാലും അടുത്ത വര്‍ഷവും പൂക്കുന്ന മാവും ,സര്‍ഗ്ഗാത്മകയുള്ള മനുഷ്യനും തുല്ല്യമാണെന്നിവിടെ കവി വരച്ചു വെയ്ക്കുന്നു. നല്ല കവികള്‍ തന്റെ കവിത സംസ്കാരത്തിലും കായിച്ച മരത്തിനു തുല്ല്യമായ് മാറുകയുണ്ടാകും . വിഷ്ണുവിന്റെ കവിതകളും നല്ലൊരു മാവിന്റെ ലക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നത് തന്നെയാണ്‌

കൊട്ടുപൊട്ടിച്ചോടിയ ഒരുമണിക്കൂര്‍ നേരം കൊണ്ട് ഒരാഴ്ചയ്ക്കുള്ള സ്വാതന്ത്യം അയവിറയ്ക്കാന്‍ തരമാക്കുന്ന അമ്മായിയുടെ പൈയ്യ് ഒരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യരുടെ മനസ്സ് തന്നെയാണ്‌. കുതറിയോടി സ്വാതന്ത്ര്യമായ് എന്തിനെയും കോര്‍ത്ത് കളയുമെന്ന ഭാവവും പിടിച്ചാല്‍ കിട്ടാത്ത വേഗവും ഒക്കെ ഉപേക്ഷിച്ച് പുറത്തടിവാങ്ങി തിരിച്ച് നടക്കുന്ന പശുവും അമ്മായിയും അത് കാണുന്ന കടമുറ്റത്തെ കാണികളും ഒക്കെ നല്ല ഇമേജുകള്‍ തന്നെ . പശു ഒരു നല്ല കവിതയും

ബൂലോക കവിത പ്രസ്ഥാനത്തിന്റെ പുറം പണിക്കാരനായ്(അകം പണി മൈക്രോസോഫ്റ്റ് അച്ചായനും ഗൂഗിളാശാനും ചെയ്യുന്നുണ്ടല്ലൊ)കഴിയുമ്പോഴും ഇന്റര്‍ നെറ്റില്‍ ഏറ്റവും അധികം വായിക്കപ്പെട്ട കവിതകള്‍ എഴുതിയിട്ടും വൈകി തന്നെയാണ്‌ ഇത് അച്ചടിരൂപത്തില്‍ എത്തുന്നത്.
ഗ്രാമീണന്റെ മനസ്സും ഗ്രാമത്തിന്റെ പച്ചപ്പും ഉള്ളെറ്റുവാങ്ങിയ ഈ കവിതകളുടെ പൊതു സ്വഭാവം തന്നിലൂടെ വായിച്ചെടുക്കുന്ന ചുറ്റുപാടുകള്‍ ആണ്‌.

ചുറ്റുപാടിലേക്ക് തുറന്നു വെച്ചിരിക്കുന്ന ഇന്ദിയങ്ങളുടെ ആകാശത്തോട്ടിക്കൊണ്ട് കവിതയുടെ മാമ്പഴക്കാലം പൊട്ടിച്ചെടുക്കുകയാണ്‌ കവി.
തുറന്നു പറച്ചിലുകള്‍ കവിതയുടെ ഭംഗി നഷ്ടപ്പെടുത്തിയോ എന്നു സംശയിക്കുന്ന ചിലരെങ്കിലുമുണ്ടാകും സത്യത്തില്‍ അവിടെയാണ്‌ കവിയുടെ ഗ്രാമീണ മനസ്സിന്റെ ഭാവം അക്ഷരങ്ങളിലേക്ക് പകരുന്നത്.
ഇന്റര്‍ നെറ്റിലെ ബ്ലോഗിന്റെ വല ഭേദിച്ച് ഒരു കവിതാ സമാഹാരം വായനക്കാര്‍ക്കിടയിലേക്ക് അച്ചടിമഴിപുരണ്ടുവരുന്നു

കരേണ ഭാനോര്‍ ബഹളാവസാനേ
സന്ധ്യുഷ്യമാണേവ ശശാങ്ക രേഖ..

വെളുത്ത പക്ഷത്തിലെ കുഞ്ഞു ചന്ദ്രന്റെ മേല്‍ അപ്പോള്‍ മാത്രമസ്തമിച്ച സൂര്യന്റെ തുടുകിരണം തട്ടുന്നപോലെ വിഷ്ണുവിന്റെ രചനകള്‍ കവിതാ രശ്മിയുടെ പ്രഭ പരത്തുന്നുണ്ട്
....

എഴുത്താണി

ഓണ്‍ലൈന്‍ കവിതകളിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍രസകരമായ പല കവിതകളും എഴുത്താണിയില്‍ തറഞ്ഞു. അധികം വേദനിപ്പിക്കാനല്ല പക്ഷെ കണ്ടില്ല എന്നു നടിക്കുന്നതിലും നന്നല്ലെ ചെറുതയൊന്നു സൂചിപ്പിക്കുക . ഈ പംക്തി അതാണ്‌ ഉദ്ധേശിക്കുന്നത്.

'മൂരികളുടെ അപ്പനും എന്റെ മകളും' എന്ന സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതയാണ്‌‌(-ഈ-പത്രം) ഏറ്റവും മികച്ച കവിതയായ് ഈ കൂട്ടത്തില്‍ കണ്ടെത്തിയത്

കുറുന്തോട്ടിക്ക് വാതം പിടിച്ച പോലെയായ് എം കെ ഹരികുമാറിന്റെ 'പൂവിലൊളിച്ച്' എന്ന കവിത. സൗന്ദര്യം ചമയ്ക്കാന്‍ ഇനി കവിക്കാവില്ല എന്നു തുറന്നു സമ്മതിച്ചത് നന്നായ്. പൂക്കള്‍ക്ക് കാട്ടിലേക്ക് പോണം എന്നു കവിക്കറിയാം പക്ഷേ ഏതോ ഒരു പ്രിയപ്പെട്ട പൂവിനെ സുരക്ഷിതമായികാട്ടില്‍ വിടാന്‍ ആണ്‌ കക്ഷിയുടെ ഒരുക്കം.

'എഴുതി എഴുതി കവിത കവിഴയായി 'എന്നു ഡി. വിജയമോഹനന്‍ എഴുതിയിരുന്നു.സത്യം. ഒത്തിരി നാളായി നെറ്റകത്തു വിളങ്ങുന്ന പലരും ഒട്ടും ശ്രദ്ധയില്ലാതെ പടച്ചു വിടുന്നത് എന്തിനാണാവോ?

കവിതയെ കൊല്ലാന്‍ ഉള്ള എളിയ പരിശ്രമം ശ്രീ അജിത്തിന്റെ ഭാഗത്തുനിന്നും കാണുന്നു. ഹരിതകത്തിലെ 'തച്ചോളി, കൊന്നോളി' എന്ന കവിത വായിച്ചാല്‍ ടീ യാന്‍ കവിതയെ തച്ചു കൊല്ലാന്‍ ശ്രമിക്കുന്നത് കാണാം.

വര്‍ഗ്ഗ സമരം എന്ന പേരില്‍ രാമചന്ദ്രന്‍ വെട്ടിക്കാട് സാമന്യം നല്ല ലേഖനം എഴുതിയിരിക്കുന്നു. പക്ഷേ കോളം മാറി കവിത എന്ന പേരില്‍ സമയം മാഗസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. എഡിറ്റര്‍മാര്‍ക്ക് ചിലപ്പോള്‍ കോളം മാറാറുണ്ട്. മറ്റൊരു കവി, പൂങ്കാവനം എന്ന കവിതയില്‍(സമയംഓണ്‍ലൈന്‍)ആദ്യമേ തന്നെ വായനക്കാരനോട് പറഞ്ഞു കഴിഞ്ഞു 'ഭൂമിക ശൂന്യം എന്നു' അതിനാല്‍ തന്നെ മറ്റൊന്നും ആശിക്കേണ്ടതില്ല എന്നു പിന്നലെയുള്ള വരികള്‍ ഉത്തരവും തരുന്നു.

അജയന്‍ കാരാടി ജനശക്തിയില്‍ 'ആലോചന' എന്ന പേരില്‍ കവിത എഴുതിയിട്ടുണ്ട് ഞാനകത്തോ പുറത്തോ എന്നു കവിക്കു സംശയം ഉണ്ട് വായനക്കാര്‍ക്കും.

അമിതമായ ആത്മവിശ്വാസം എഡിറ്റര്‍ക്ക് വന്നാല്‍ ഒരാളുടെ പേര്‍ 'പൊയ്തും കടവെ'ന്നു മാത്രം എഴുതും. അതും ഈലോകത്ത് നടക്കും ബ്രാക്കറ്റിട്ടെഴുതിയിരിക്കുന്നതിനാല്‍ എഴുതിയാളുടെ പേരാണോ ഒറ്റമരക്കാട് പൊയ്തു0കടവിലാണോ എന്ന സംശയം വായനക്കര്‍ക്കുണ്ടാവും മരമെഴുതുന്നതല്ലെ എല്ലാ സംശയനിവര്‍ത്തിയും വരുത്തണമെന്നു എന്തിനു നിര്‍ബന്ധം പിടിക്കണം പക്ഷേ കൊടകര പുരാണത്തിന്റെ പ്രകാശനത്തിനു പോയ കുരീപ്പുഴ ശ്രീകുമാറിനു ആ ദിവസം ഓര്‍മ്മയിലുണ്ട്. കാരണം സംഘാടകരൊഴിച്ചാല്‍ കവിയെ തിരിച്ചറിയുന്ന ഒരു ബ്ലോഗനും ആ വഴിയില്ലായിരുന്നത്രെ. ഉടലും ഉടലുകളും(?) ഉള്ള എഴുത്തു കൊള്ളാം എങ്കിലും ഏകവചനവും ബഹുവചനവും ഒക്കെ ഒന്നില്‍ തന്നെ സമര്‍പ്പിക്കുന്ന അസാദ്യ മെയ് വഴക്കത്തിന്‌ സ്തുതി. തിരക്കിട്ടെഴുതുന്നതിന്റെ ഓരോരോ സുഖങ്ങളെ..രചന പ്രത്യക്ഷപ്പെട്ടിരിക്കുന്നത് 'ഒറ്റമരക്കാട്' എന്ന പേരില്‍,ഈ-പത്രം.


ഈ-പത്രത്തിലെ 'മഞ്ഞ'യില്‍ 'ഒരു ഉത്തരാധുനിക അലക്ക്‌ - ജ്യോതിബായ് പരിയാടത്ത് എഴുതിയിരിക്കുന്നു പരിചയക്കുറവിന്റെ അടുക്കളമണത്തിനാല്‍
'കാരണഭൂതന്‍ കവി ഭാവനയില്‍

കഥയിലെ അരയന്നമായി' അങ്ങനെ കവി അപ്പോ കഥയാണെഴുതിയതെന്ന് വായനക്കാര്‍ തിരിച്ചറിയുക.

ബ്ലോഗ് കവിതയെഴുത്തിലെ ഏറ്റവും സങ്കടകരമായ വസ്തുത മിക്ക കവികള്‍ക്കും കുത്തും കോമയും ഒക്കെ ഉപയോഗിക്കണ്ടതെവിടെയെന്ന തിരിച്ചറിവില്ലായ്മയാണ്‌. ഒരു കാര്യം ശ്രദ്ധിക്കുക ഇതില്‍ ആരോടും ഉള്ള ദേഷ്യമോ പകയോ അല്ല സൂചിപ്പിക്കുന്നത് തികച്ചും ലാഘവ ബുദ്ധിയോടെ എഴുതുന്നതിനെ ആണ്‌ നിരുത്സാഹപ്പെടുത്തുന്നത്. എഴുത്താണി തുടരും