ചരിത്രത്തിൽ നിന്നും ഇറങ്ങിപോയ ഒരു വക്കീൽ …

കാരണമൊന്നും കൂടാതെ ചിലർ ചരിത്രത്തിൽ നിന്നും യാദൃശ്ചികവശാൽ വേരുകൾ പിൻ വലിച്ച് അപ്രത്യക്ഷരാവാറുണ്ട്. സ്വന്തം നാട്ടിൽ നിന്നാവാം. തിളക്കമേറിയ തൊഴിൽ രംഗത്ത് നിന്നാവാം . ഒത്തിരി ബഹുമതി അർഹിക്കുന്ന കുടുംബത്തിൽ നിന്നാവാം . നമുക്കറിയാത്ത കാരണങ്ങൾ കൊണ്ട് ചിലപ്പോൾ പലരും എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷരാവാറുണ്ട്. പലപ്പോഴും നമുക്കറിയുന്ന കാരണങ്ങൾ കൊണ്ട് അവയ്ക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.

നിഗമനങ്ങളും കണ്ടെത്തലുകളും ചിലപ്പോൾ ശരിയായിരുന്നില്ല എന്നു കാലംതെളിയിക്കും മറ്റു ചിലപ്പോൾ സംശയിച്ചു നിന്ന വഴിതന്നെ ശരിയായെന്നും വരാം. കണ്ടെത്താത്ത പഴമക്കാരെ പറ്റി ചിലർ പറയും ‘ആള് കാശിയിൽ ജീവിച്ചിരിപ്പുണ്ടെന്നാണ് കേട്ടത്‘ . അതെ, ഒരു കാലത്ത് കാണാതായ ആൾക്കാരൊക്കെ “കാശിയിലുണ്ടെന്നാണ് കേട്ടത്“ എന്നു ബന്ധു ജനങ്ങൾ സ്വയം വിശ്വസിച്ചും വിശ്വസിപ്പിച്ചും ശിഷ്ടജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ കൊതിക്കാറുണ്ടായിരുന്നു.

കാശിയിലുണ്ടാവും എന്നു പറയുവാൻ കൃത്യമായ ന്യായവുമുണ്ട് . ജീവിതാസക്തികളുടെ പെരുമഴയിൽ നിന്നും ഭാരതീയരുടെ പൊതുവേയുള്ള പിൻ വാങ്ങലിടം ആയിരുന്നു കാശി . മലയാളിയുടെ സർവ്വവും ഉപേക്ഷിച്ചുള്ള പോക്കിന്റെ പകരം വെയ്ക്കാനുള്ള പേരാണ് കാശി.
‘എന്നാൽ കാശിക്കു പോകാമെന്നോ’ ‘ ഇനിയുള്ള കാലം കാശിയിൽ കൂടാം’എന്നോ ചൊൽ വഴി പഴക്കങ്ങളിലൂടെ പടിയിറങ്ങിപോയ ഒത്തിരി മനുഷ്യരുണ്ട്.

പല കാലങ്ങളിൽ ഒരു വികാരം കൊണ്ടു മാത്രം നിലനിന്നു പോന്ന ഒരു നഗരം . ആത്മശാന്തിയുടെ രഹസ്യങ്ങളൊളിപ്പിച്ച നഗരം . ആത്മീയ തലസ്ഥാനം എന്ന ചെല്ലപേരിലൂടെ ലോകത്തിൽ പുകഴ്പെറ്റ ഈ നഗരത്തിലെ മലയാളി കാല്പാടുകളിൽ കണ്ടു കിട്ടിയ ചിലവയെ കോർത്തെടുക്കാൻ നടന്ന നാളിലൊക്കെ താമസിച്ചിരുന്ന ആശ്രമ മുറിയിൽ ഒരു ഫോട്ടോ കിടപ്പുണ്ടായിരുന്നു ഒത്തിരി പഴയ ഫോട്ടോകളിൽ ഒന്ന് . സ്വതവെ അക്കാലങ്ങളിലെ ഫോട്ടോകളിൽ പതിവ് കാണാറുള്ള ഗൌരവത്തിനു പകരം മന്ദസ്മിതമാണ് മുഖമുദ്ര. അൽ‌പ്പം ചിതലെരിച്ച ഫോട്ടോയ്ക്ക് കേരള ചരിത്രത്തോട് പറയാനവശേഷിച്ച ഒരു നാൾവഴി സൂചകം മാത്രമാണ് ഈ കുറിപ്പ് അഡ്വക്കറ്റ് കെ ജി നായരെന്ന സ്വാമി ഗോപാലാനന്ദ ഗിരിയുടെ ജീവിതഡയറിയിൽ നിന്നും കാണാതായ അവസാന വരികൾ

എന്റെ ജീവിതത്തിലെ സഹയാത്രികരിൽ ഏറിയ പങ്കും ഭൌതിക ജീവിതത്തിന്റെ വിഹ്വലതകളിൽ പെട്ട് നട്ടം തിരിഞ്ഞ് കരകാണാതെ ആത്മീയതയുടെ തീരത്തടിഞ്ഞ യാത്രികരായിരുന്നു. ആ കഥകളൊന്നും ഒറ്റ സ്നാപ്പിൽ തീരില്ല എന്നത് കൊണ്ട് അധികം അതിനെ വർണ്ണിക്കുന്നില്ല.

പഴയ പുസ്തകങ്ങളുടെ മണം തിങ്ങിയ എന്റെ കുടുസ്സു മുറിയിൽ,പണ്ടുപയോഗിച്ചിരിന്ന പുസ്തങ്ങളിൽ വല്ലതും അവശേഷിക്കുന്നുണ്ടോ എന്നറിയാൻ കയറിയ പന്മന ആശ്രമത്തിലെ കൈവല്ല്യാനന്ദ സ്വാമിജിയാണ് ചിതലുകൾ ചിത്രം വരച്ച ആ പഴയ ഫോട്ടോ നോക്കി “സൂക്ഷിച്ചു വയ്ക്കണം കേരള ചരിത്രത്തിൽ സ്ഥാനമുള്ളൊരാളാണ്“ എന്ന് പറഞ്ഞത് . പാണ്ഡേഹവേലിയിലെ ആശ്രമത്ത്ലെ ദൈവങ്ങൾക്കു ചാരെ ഭൂമിയെ കുളിർപ്പിച്ച് ഗംഗയെ നിറം മാറ്റുന്ന പെരുമഴ പെയ്യുന്നൊരു രാത്രിയിൽ കെ ജി നായരെന്ന ബാരിസ്റ്റർ സ്വാമിയെക്കുറിച്ച് കുറച്ച് വിശേഷങ്ങൾ കൂടി കൈവല്ല്യാനന്ദ പകർന്നു തന്നു.

സർ സി.പി രാമസ്വാമി കൊയ്ലോൺ ബാങ്ക് അടച്ച് പൂട്ടിച്ചതിനെതിരെ(കൊയ്ലോൺ ബാങ്കും മനോരമ പത്രവും സഹോദരസ്ഥാപനങ്ങളായിരുന്നു രണ്ടും അടച്ചുപൂട്ടിച്ചു) അന്ന് കേസ് വാദിച്ച് വിജയിപ്പിച്ച വക്കീലാണ് .വാദിച്ചെന്നു മാത്രമല്ല സി.പി യുടെ സിൽബന്ധികൾ കേസ് വാദിക്കുന്നതിൽ നിന്ന് പിൻ മാറുവാൻ വിലക്കും ഭീഷണിയും അറിയിച്ചപ്പോൾ തനിക്ക് ഒന്നിനെയും ഭയമില്ല എന്ന് കാണിക്കുവാൻ സി പി പദ്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനു വന്നപ്പോൾ നടയിൽ കൈയ്യുംകെട്ടി നിന്ന് വരവേറ്റ ധീരനുമായിരുന്നു അഡ്വ കെ ജി നായർ എന്നും കൈവല്ല്യാനന്ദ കൂട്ടി ചേർത്തു കെ.ജി.നായരുടെ അടുത്ത സ്നേഹിതനായിരുന്നു സ്വാമി സേവാനന്ദ. ഈ കഥകളൊക്കെ പറഞ്ഞു തന്നതും സേവാനന്ദ്ജിയാണെന്ന് അദ്ദേഹം പറഞ്ഞു. ആളെക്കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ വിശദവിവരങ്ങളൊന്നും അറിയില്ലെന്നും സേവാനന്ദ സ്വാമി പറഞ്ഞ കഥകളൊക്കെ മാത്രമേ കേട്ടിട്ടുള്ളു എന്നും കൈവല്ല്യാനന്ദ പറഞ്ഞിരുന്നു. . കേട്ടകഥ വച്ച് തീരെ ചെറിയ ആളല്ല എന്നു പെടുന്നനെ തിരിച്ചറിയാം അതുകൊണ്ട് തന്നെ മുൻപ് പലവട്ടം മുറിവൃത്തിയാക്കുമ്പോൾ സ്ഥലമില്ലായ്മ കൊണ്ട് എടുത്ത് കളയാൻ തുനിഞ്ഞ കുടുസ്സുമുറിയിലെ ആ ഫോട്ടോ സൂക്ഷിച്ചു വെയ്ക്കുകയും ചെയ്തു. ഇടയ്ക്ക് മനോരമയുമായ് ബന്ധപെട്ട് ഡൽഹിബ്യൂറോയിൽ ഒരന്വേഷണം നടത്തുകയും ചെയ്തു. പക്ഷേ കൂടുതൽ വിവരങ്ങളൊന്നും ലഭിക്കുകയുണ്ടായില്ല.
ഒരു പോസ്റ്റ് കാർഡിൽ നിന്നും....
തിലഭാണ്ഡേശ്വരം ക്ഷേത്രം കാശിയിലെത്തിയ മലയാളികളുടെയും പൊതുവെ ദക്ഷിണേന്ത്യക്കാരുടെയും അഭിമാനമായിരുന്നു.
മൂന്നിലധികം പുരാണങ്ങളിൽ തിലഭാണ്ഡ്വേശ്വരനെപറ്റി വിവരിക്കുന്നുണ്ട്.കാശിയെപറ്റിയെഴുതപ്പെട്ട നൂറ്റണ്ടുകൾ പഴക്കമുള്ള പുസ്തകങ്ങളിലും ഒക്കെ വർണ്ണനയുള്ള പ്രശസ്തമായ മഠമായിരുന്നു ഇത് . അപാരപണ്ഡിത്യമുള്ളവരുടെ വിഹാരരംഗം എത്രയധികം പുസ്തകങ്ങളാണ് ഇവിടെ നിന്നും പണ്ഡിതന്മാരായ സന്യാസിമാരാൽ എഴുതപെട്ടത്. കേരളത്തിനു വെളിയിലെ ആദ്യ അയ്യപ്പ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിലെ അയ്യപ്പനെ സ്തുതിക്കാനായി എഴുതിയ ‘അയ്യപ്പ ഗീത‘ എന്ന ഗ്രന്ഥം അയ്യപ്പനെ സംബന്ധിച്ചുള്ള ആദ്യ സംസ്കൃത കാവ്യമായിരിക്കും. ഇന്ന് പഴയ പ്രതാപവും പണ്ഡിതന്മാരും ഒക്കെ ഓർമ്മയായ് മാറിയെങ്കിലും മഠം മലയാളികളുടെ കൈകളിൽ തന്നെ നിലനിൽക്കുന്നുണ്ട്. ഇന്നോ നാളയോ എന്ന മട്ടിൽ പ്രാദേശികരായ ആൾക്കാർ കൈയേറും എന്ന ഭയത്തിലാണ് ഇതിനുള്ളിൽ താമസിക്കുന്നവർ പോലും ജീവിക്കുന്നത്. നിത്യനിദാനങ്ങൾ പോലും നടത്തികൊണ്ട് പോകുവാൻ കഷ്ടപെടുമ്പോൾ പഴയ പ്രതാപത്തിന്റെ ഓർമ്മകളായവശേഷിച്ച പലതും നഷ്ടമായ് അതിൽ വിലപിടിപ്പുള്ള ഗ്രന്ഥസഞ്ചയം അനവധി.കേരളത്തിലെ പ്രശസ്ത ആയുർവേദ ചികിത്സകനും പ്രഭാഷകനുമായ സ്വാമി നിർമ്മലാനന്ദ ഗിരി തിലഭാണ്ഡേശ്വരം മഠത്തിൽ നിന്നും സന്യാസം സ്വീകരിച്ച വ്യക്തിയാണ് അദ്ദേഹം മഠത്തിന്റെ കാര്യകർത്താവായി പ്രവർത്തിച്ചിരുന്ന വേളയിൽ വിലപിടിപ്പുള്ള നിരവധി പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്ന കാര്യം സൂചിപ്പിച്ചിരുന്നു. അത്തരം പുസ്തകങ്ങൾ തേടുന്ന വേളയിലാണ് ദീർഘകാലം ആശ്രമത്തിന്റെ നടത്തിപ്പുകാര്യങ്ങളുമായ് ജീവിച്ച സേവാനന്ദ സ്വാമിയുടെ നിരവധി ഡയറിക്കുറിപ്പുകൾ കിട്ടുന്നത്. ജ്നാനസമ്പന്നതയിൽ മുന്നേക്കമെന്നപോലെ അക്കാലത്തെ കാശിവാസികളെ സമ്പന്നമാക്കുന്ന മറ്റൊന്ന് ദാരിദ്രമാണ്. ഭക്തിക്ക് ദാരിദ്രം ഒരു കൂട്ടാണ്. ചില്ലിക്കാശിനു പോലും കണക്കു സൂക്ഷിക്കുന്ന കാലം അതു കൊ ണ്ട് തന്നെ സ്വാമിജിയുടെ മിക്കവാറും ഡയറികളിൽ പൂക്കൾ വാങ്ങിച്ചതും വരവു ചിലവുകളും പ്രത്യേക വ്യക്തികൾ വന്നു പോയതും അവർതന്ന ദക്ഷിണ എന്നിവയാണ് കുറിച്ച് മുഖ്യമായും വിവരിച്ചിരിക്കുന്നത് ഇടയിൽ ചില നാട്ടു വിശേഷങ്ങൾ കുറിക്കും ഒരു ദിവസത്തെ പേജിൽ ഇപ്രകാരം കാണുന്നു. കള്ളൻ വന്നു രണ്ടായിരം ക മോഷ്ടിച്ചു. ആ തമാശ ആസ്വദിച്ചപ്പോഴാണ് അപ്രകാരമുള്ള മറ്റുള്ളവുയും തിരഞ്ഞു വായിക്കാൻ രസം തോന്നിയത്. ഒരു ദിവസത്തെ വിവരങ്ങളിൽ കുറിച്ചിരുന്നു കോഴിക്കോട് കാരായ അഡ്വ: കെ ജി നായരുടെ കുടുംബാംഗങ്ങൾ വന്ന വിവരം പക്ഷേ അതിൽ കൂടുതലും അവർ തന്ന ദക്ഷിണഎത്രയെന്നതായിരുന്നു.അവസാനം കൂടെയുണ്ടായിരുന്നവരുടെ വിലാസങ്ങളുമുണ്ടായിരുന്നു. അതിലൊന്നിപ്രകാരമായിരുന്നു
മിസ്സിസ് കെ ജി നായർ, എസ് .ഒ -സി .ബി .സി .ഐ. ഡി , എച്ച് 2 / 708 , എരഞ്ഞിപാലം , കോഴിക്കോട് 6
എല്ലാ വിലാസങ്ങളിലും ഒരോ പോസ്റ്റ് കാർഡിട്ടു. മറുപടി പ്രതീക്ഷിച്ചില്ല കാരണം വിലാസങ്ങൾ കാണുമ്പോൾ തന്നെ തിരിച്ചറിയാം അത് കാലഹരണപെട്ടിരിക്കും എന്ന് എങ്കിലും...........അൻപത് വർഷം മുൻപുള്ള ആ വിലാസങ്ങളിൽ ഒന്നിൽ നിന്ന് മറുപടി വന്നു അതു വഴി പൂർവ്വാശ്രമത്തിലെ കെ ജി നായരെന്ന ഗോപാലാനന്ദ ഗിരിയുടെ സമാധിയുടെ ഷോഡശീ ചടങ്ങുകൾക്കെത്തിയ അദ്ദേഹത്തിന്റെ മരുമകൻപാലക്കാട് എഴുവത്ത് ബംഗ്ലാവിൽ താമസിക്കും ശേഖരനെ ബന്ധപ്പെടുവാനായി . അദ്ദേഹം ഓർമ്മയിലുള്ള വിവരം മൂന്ന് പേജുകളിൽ പകർത്തി കത്തയച്ചു തന്നു എങ്കിലും സന്യാസമെടുത്തപ്പോളുള്ള പേരും കാശിയിലെത്തിയ ശേഷമുള്ള മറ്റ് വിവരങ്ങളും അറിയില്ല സമാധിയായ് എന്നറിഞ്ഞപ്പോൾ കേരളത്തിൽ നിന്ന് ഒരു സംഘം ആൾക്കാർ വന്നു ചടങ്ങുളിൽ ബന്ധപ്പെട്ടു തിരിച്ച് പോയ് അത്രമാത്രം .

ചരിത്രം രേഖപ്പെടുത്തിയവ പ്രഗത്ഭ വക്കീൽ

പഴയ മലബാറിൽ കോളിളക്കം സൃഷ്ടിച്ച പാതിര കൊലപാതകമായിരുന്നു രാമസിംഹൻ വധക്കേസ്
കേരളത്തിൽ വർഗ്ഗീയ കൊലപാതകങ്ങളിൽ കുപ്രശസ്തിക്ക് തുടക്കം ഇതിനായിരുന്നു. ഖാൻ ബഹദൂർ കിളിയൻ മണ്ണിൽ ഉണ്ണീൻ സാഹിബ് ഹിന്ദുമതത്തിലേക്ക് മതം മാറി രാമസിംഹൻ എന്ന പേരു സ്വീകരിച്ചു. അനുജന്മാരും ഇദ്ദേഹത്തിനൊപ്പം മതം മാറി . നാട്ടിലെ അറിയപ്പെടുന്ന മുസ്ലിം പ്രമുഖന്റെ ഈ ചെയ്തി സമുദായത്തിൽ കോളിളക്കം സൃഷ്ടിച്ചു.ഇതിനിടയിൽ അദ്ദേഹം സ്വന്തമായി ഒരു നരസിംഹമൂർത്തി ക്ഷേത്രവും പണിതുടങ്ങി ഇതേതുടർന്ന് അദ്ദേഹത്തെയും പത്നിയേയും സഹോദരനെയും അടക്കം നാലു പേരെയാണ് വെട്ടിക്കൊന്നത് ഒപ്പം തന്റെ എസ്റ്റേറ്റിനടുത്ത് പണിപൂർത്തിയാക്കികൊണ്ടിരുന്ന നരസിംഹക്ഷേത്രവും തകർത്തു ഈ കൊലപാതകത്തിലെ പ്രതികളിൽ നാല് പേരെ നീതി പീഠം വധശിക്ഷയ്ക്കു വിധിച്ചു വാദിഭാഗം വക്കീലായിരുന്നത് അഡ്വ:കെ ജി നായരായിരുന്നു.
അദ്ദേഹം വാദിച്ച മറ്റൊരു പ്രമാദമായ കേസായിരുന്നു സർ സിപി രാമസ്വാമിയുടെ വിരോധത്തിനു പാത്രീഭവിച്ച കൊയ്ലോൺ ബാങ്ക് ലിക്വിഡേഷൻ കേസ് . മനോരമയുടെ അനുബന്ധ സ്ഥാപനമായ കൊയ്ലോൺ ബാങ്ക് നിയപരമല്ല എന്ന പേരിൽ സി പി അടച്ചു പൂട്ടിച്ചത് ആ കേസ് വാധിക്കുകയും അതിന് നിയമപരമായ് തന്നെ നഷ്ടപരിഹാരം നേടി കൊടുക്കുകയും ചെയ്തു
അവസാനം അദ്ദേഹം വാദിച്ച കേസ് പനമ്പള്ളിയുടെ അഞ്ചര ലക്ഷം കേസാണ് ഈ കേസിന്റെ വാദത്തിനായ് കൊച്ചിയിൽ വന്നു താമസിക്കുമ്പോഴാണ് അദ്ദേഹത്തിന് ശാരീരിക പ്രശ്നങ്ങൾ കണ്ടു തുടങ്ങിയത് . ചികിത്സതേടി എത്തവെ രോഗവിവരം അക്കാലത്ത് ഭീതിയുണർത്തുന്ന ഒന്നായതിനാൽ കേരളത്തിനു വെളിയിൽ വെച്ച് ചികിത്സതുടങ്ങി ആ ചികിത്സ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്തത്. കെ ജി നായരുടെ സുന്ദര മുഖത്തിന് ചികിത്സാനന്ദരം കറുത്ത് വൈരൂപ്യം ബാധിച്ചു.
രോഗവിവരം നാടറിഞ്ഞാലെന്നോർത്ത് അദ്ദേഹവും കുടുംബാംഗങ്ങളും സങ്കടപ്പെട്ടു.ഒടുവിൽ എല്ലാത്തിൽ നിന്നും അകലെ എന്നു കരുതി അദ്ദേഹം ഹരിദ്വാറിലേക്ക് പുറപ്പെട്ടു അക്കാലത്ത് ഹരിദ്വാറിലെ പ്രശസ്ത ആശ്രമങ്ങളിൽ ഒന്നിൽ താമസം തുടങ്ങിയെങ്കിലും കാലവസ്ഥയും മറ്റും ശരിയാവതെ തിരികെ പോന്നു അതിനു ശേഷം നേരെ ഹരിദ്വാറിലെ തിലഭാണ്ഡേശ്വരം ക്ഷേത്രത്തിലാണ് എത്തിച്ചേർന്നത്. അവിടുത്തെ മഠാധിപതിയായിരുന്ന അച്ച്യുതാനന്ദ സ്വാമികളിൽ നിന്ന് സന്യാസവും സ്വീകരിച്ചു ഗോപാലാനന്ദ ഗിരി എന്നു സന്യാസനാമവും കൈകൊണ്ടു വേദാന്ത ചിന്തനവുമായ് കഴിഞ്ഞു കൂടി . ഗോപാലാനന്ദ ഗിരി എന്ന സീലു പതിഞ്ഞ നിരവധി പുസ്തകങ്ങൾ ആശ്രമത്തിന്റെ കണ്ടം ചെയ്ത കാലഘട്ടക്കണക്കുകൾ കൂട്ടിയിട്ടിരിക്കുന്നതിൽ ഇപ്പോഴുമുണ്ട്.
പാണ്ഡേഹവേലിയിലെ പഴയ കുട്ടികൾ ഇന്നത്തെ മദ്ധ്യവയസ്കരിൽ പലരും ബാരിസ്റ്റർ സ്വാമി എന്നായിരുന്നു അദ്ദേഹം അറിയപെട്ടിരുന്നത് എന്നോർക്കുന്നു മാത്രമല്ല കുട്ടികൾക്ക് സ്ഥിരം ബിസ്കറ്റും മിട്ടായികളും കൊടുക്കുന്നതിനാൽ ബാരിസ്റ്റർ സ്വാമിയെ എല്ലാവർക്കും വളരെ പ്രിയവുമായിരുന്നു എന്നും കൂട്ടിച്ചേർക്കുന്നു.


ഒരേ വനത്തിൽ രണ്ടു സിംഹങ്ങൾ
നിയമ രംഗത്തെ സിംഹമായിരുന്നു കെ ജി നായരും ഭരണരംഗത്തെ സിംഹപ്രതാപം നിലനിർത്തിയ സർ സിപി രാമസ്വാമി അയ്യരും ആനന്ദവനമെന്നു പേരുള്ള കാശിയിൽ ഇവർ രണ്ടു പേരും വീണ്ടും ഒരിക്കൽ കൂടി കണ്ടു മുട്ടി. രണ്ട് പേരും പ്രശസ്തമായ സ്ഥാപനങ്ങളിലായിരുന്നു രണ്ടും രണ്ട് തലത്തിൽ ഏറ്റവും അത്യുന്നതം ഉള്ളവ തന്നെ ഒന്ന് ആത്മീയ വിദ്യാരംഗം മറ്റൊന്ന് ഭൌതിക വിദ്യാരംഗം ഒരാൾ ലോകത്തിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനവും ഏഷ്യയിൽ ഒന്നാം സ്ഥാനവുമുള്ള ബനാറസ്സ് ഹിന്ദു സർവ്വകലാശാലയുടെ വൈസ് ചാൻസിലാറായ് രണ്ട് വർഷത്തേക്ക് എത്തി.മറ്റൊരാൾ പ്രശസ്തമായ ഒരു ജോലി പാതിവഴിയിൽ വിധി തടഞ്ഞു നിർത്തിയപ്പോൾ ഈശ്വരഭജനത്തിന്റെ നാൾവഴികൊണ്ട് സന്യാസത്തിന്റെ മഹനീയ മാതൃകയായ് മാറിയയാൾ . ബനാറസ് സർവ്വകലാശാല ഷേക്സ്പിയർ നാരായണമേനോനെപ്പോലുള്ള മലയാളീ പ്രമുഖരുടെ കാശിവാസത്തിനു കാരണമായ സർവ്വകലാശാല.
അവിടെ നിന്നും നടന്നെത്താവുന്ന ദൂരത്തിൽ എള്ളിൻ സമം വളരുന്ന തിലഭാണ്ഡേശ്വര സന്നിധിയിൽ ആത്മീയജീവിതം നയിക്കുകയായിരുന്നു ഗോപാലാനന്ദ ഗിരിയെന്ന കെ ജി നായർ. തിലഭാണ്ഡേശ്വര ദർശനത്തിനെത്തിയ സർ സി പിയും ഗോപാലാനന്ദഗിരിയും തമ്മിൽ കണ്ടുമുട്ടി. രാമകൃഷ്ണപരമഹംസനും ഥൈലിംഗസ്വാമിയും തമ്മിൽ കണ്ടുമുട്ടിയ തിലഭാണ്ഡേശ്വര സന്നിധാനത്തിൽ സർ .സി.പി.യും കെ. ജി. നായരും ആത്മീയ നഗരം പകർന്ന ചൈതന്യത്തിൽ തമ്മിൽ പരസ്പരം തൊഴുതു പിരിഞ്ഞു.

ബാരിസ്റ്റർ സ്വാമി
തിലഭാണ്ഡേശ്വരം മഠത്തിലേക്ക് കയറി ചെല്ലും വഴി വലത് ഭാഗത്ത് ആദ്യത്തെ കെട്ടിടത്തിന് മുകളിൽ ഒരു മാർബിൾ ഫലകമുണ്ട് അഡ്വക്കറ്റ് കെ ജി ഗോവിന്ദൻ നായർ സ്വന്തം അമ്മയുടെ ഓർമ്മയ്ക്കായ് നിർമ്മിച്ച് ആശ്രമത്തിന് സമർപ്പിച്ചിരിക്കുന്നു എന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു അതിൽ കയറിയാൽ മനസ്സിലാകും പഴയ കാലത്തെ കാശിയുടെ പ്രതാപത്തിനിണങ്ങുവണ്ണം പ്രൌഡമാണതിന്റെ നിർമ്മാണം എന്ന്. ആശ്രമത്തിൽ തന്റെ പ്രൌഡിക്കിണങ്ങിയ കെട്ടിടം പണികഴിച്ച് അതിലായിരുന്നു സ്വാമിജി തന്റെ അവസാന കാലം കഴിച്ചിരുന്നത്. ഒരു രോഗം മൂലമാണെങ്കിലും തനിക്ക് കൈവന്ന അസുലഭജന്മഭാഗ്യത്തിൽ സംതൃപ്തനായി കഴിഞ്ഞിരുന്ന സ്വാമിജിയെ നാട്ടുകാർ ബാരിസ്റ്റർ സ്വാമിജി എന്നു വിളിക്കുന്നതിന് ഒരർത്ഥം വേണ്ടേ എന്നു കരുതിയിട്ടാവും ഒരിക്കൽ കൂടി കോടതി മുറിയിൽ പ്രതി ഭാഗത്തിനെ വിറപ്പിച്ചത്. താൻ തന്നെ വാദിയായ കേസിൽ പ്രതിയായത് സാക്ഷൽ ഇൻഡ്യൻ റെയിൽ‌വ്വെ റെയിൽ വേയോട് വാദിച്ചു ജയിക്കുക അത്ര സുഖകരമായ കാര്യമല്ല എങ്കിലും ഉള്ളിൽ ഉറങ്ങിക്കിടന്ന വക്കീലിന് അതങ്ങ് സമ്മതിച്ചു കൊടുക്കാൻ മടി
കുറച്ചേറെ നീണ്ട വാദത്തിനൊടുവിൽ സ്വാമിജി കേസു ജയിച്ചു എങ്കിലും വിധി പ്രഖ്യാപനത്തിനു മുന്നേതന്നെ ഇഹ ലോകത്തിലെ കുപ്പായങ്ങളഴിച്ചു വെച്ചു പരം പൊരുളിന്റെ കാൽക്കലമർന്നു. ഭൌതീക ശരീരം കേദാർഘാട്ടിലെ ഗംഗയുടെ വിസ്തൃതമായ മാറിൽ ജലസമാധിയിരുത്തപെട്ടു. ഒടുവിലത്തെ തന്റെ നിയമ വിജയം ജഗദീശ്വര സവിധത്തിലിരുന്നു കാണായിരുന്നു യോഗം എന്നു സുഹൃത്ത് സേവാനിന്ദിന്റെ ആത്മാക്ഷരങ്ങൾ സാക്ഷി....................