കുളം+പ്രാന്തത്തി- വിഷ്ണുപ്രസാദ്

പുസ്തക പരിചയം : സം‌വിദാനന്ദ്(മലയാളം വാരിക)


ഇന്ദ്രിയങ്ങളുടെ തോട്ടി


ഒരുവന്‍ തന്നിലേക്ക് തിരിയുന്നത്ര ആനന്ദം നല്കുന്ന ഒരു വസ്തുതയും ഈ പ്രപഞ്ചത്തിലില്ല. സര്‍ഗ്ഗ പ്രപഞ്ചത്തിലാവട്ടെ തന്നിലേക്കെന്നപോലെ പ്രകൃതി/പരിസര കാഴ്ചകളും അത്ര തന്നെ ആനന്ദാനുഭൂതി നല്കുന്ന ഒന്നായി അനുഭവപ്പെടുന്നു. അത്തരം ആനന്ദാനുഭൂതി നല്കുന്ന ഒന്നാണ്തിരുവനന്തപുരം ഡേല് ഗേറ്റ്സ് ബുക്സ് പുറത്തിറക്കിയ വിഷ്ണുപ്രസാദിന്റെ കുളം + പ്രാന്തത്തി എന്ന കവിതാസമാഹാരം.

വിഷ്ണുപ്രസാദിന്റെ കവിതകളുടെ പൊതു ഘടന ഗ്രാമ്യവാസനകളിലല്‍ നിന്നും രൂപപ്പെടുന്ന കാഴ്ചകളും നോവുകളുമാണ്. പ്രകൃതി പരിസരക്കാഴ്ചകളും,ജീവിത വിഹ്വലതകളും,തീപ്പിടിച്ച പാച്ചിലുകള്‍ക്കിടയില്‍ ഭദ്രമെന്നോതുന്ന എന്തുണ്ട് ബാക്കി എന്ന ആകുലതകളും ഒക്കെ ചേര്‍ന്ന കവിതകള്‍

ഐടിയുഗത്തിന്റെ വസന്തകാലത്ത് വസ്തുവകകളെ ചെറുതാക്കി സ്പെയ്സ് നിലനിര്‍ത്തുക എന്ന തന്ത്രത്തിനാണ് പ്രചുര പ്രചാരം കിട്ടിയിരിക്കുന്നത്. അത് പോലെ തന്നെ കാവ്യങ്ങളില്‍ നിന്നും ദീര്‍കവിതകളിലേക്കും പിന്നെ ചെറുകവിതകളിലേക്കും അവിടുന്ന് മുക്തക സമാനമോ, സൂത്രഭാഷ്യ സമാനമൊക്കെയായി കവിതയും രൂപാന്തരം പ്രാപിച്ചു.
സൂത്ര രൂപങ്ങള് അത്ര മോശമാണെന്ന് പഴമയുടെ കാവലാളന്മാര് പോലും പറയുമെന്നു തോന്നുന്നില്ല.
അല്പ്പാക്ഷരമസന്ദിഗ്ദം സാരവത് വിശ്വതോ മുഖം'എന്ന പ്രാചീനന്റെ വചനപ്രകാരം കുറച്ചക്ഷരങ്ങളില് അസന്ദിഗ്ദമായ് വിവിധാര്ത്ഥതലങ്ങളെയും ആശയതലങ്ങളെയും കൂട്ടിയോജിപ്പിക്കവാന് കഴിവുള്ളവതന്നെയാണ് ഇന്നുകളുടെ ഇത്തരം കവിതാരൂപക്കൂടുകള്.

വിഷ്ണുപ്രസാദിന്റെ കവിതകള്‍ക്കാവട്ടെ പൊള്ളുന്ന സമസ്യകളെ കോറിയിടുന്ന അതെ സൂക്ഷ്മതയോടുതന്നെ ഭാവികാലത്തിന്റെ നിലനില്പിലും ആശങ്കകളാണ് നിറയെ എന്ന സൂചകങ്ങളും ഉള്‍ക്കൊള്ളുന്നു. തന്റെ തന്നെ പരിസരകാഴ്ചകളെയും നന്മകളെയും,ഓര്ക്കുവാന് വിട്ടുപോയ ചില കാലങ്ങളെയും കരിമ്പില് നിന്നും കല്ക്കണ്ടമെന്നപോലെ വേര്തിരിച്ചെടുത്ത് മധുരവത്താക്കുവാന് വിഷ്ണുപ്രസാദിന്റെ കവിതകള്ക്ക് കഴിഞ്ഞിരിക്കുന്നു.


'ഒരു മുട്ടയിട്ടതിന് ഇത്രയധികം
നിലവിളിക്കാനുണ്ടോ എന്ന്
ജിമ്മി എന്ന നായ ചോദിച്ചു
നന്ദിനി എന്ന പശു ചോദിച്ചു
പഞ്ചവര്ണ്ണം എന്ന തത്ത ചോദിച്ചു\
ഒക്കത്ത് നിറയെ ചക്കക്കുട്ടികളുമായ്
നില്ക്കുന്ന പ്ലാവമ്മ ചോദിച്ചു
ആകാശവാണിയില് നിന്നും ഒഴുകിവരുന്ന
യേശുദാസ് ചോദിച്ചു
തെങ്ങോലയില് തൂങ്ങുന്ന
കാറ്റു ചോദിച്ചു.'..
എന്നിങ്ങനെ ചുറ്റുപാടുകള് മുഴുവന് ചോദിച്ചിട്ടും മൈന്‍ഡ് ചെയ്യാത്ത കോഴിയോട് കരഞ്ഞ് കാണിച്ചാല്‍ മുട്ട പൊരിക്കാതിരിക്കില്ലെന്നും കോഴിയെ വറുക്കാതിരിക്കില്ലെന്നും ഉള്ള യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നു അതൊന്നും കേള്‍ക്കാതെ ഞാനിട്ട മുട്ട ഞാനിട്ട കരച്ചില്‍ എന്ന മട്ടില്‍ കോഴിയമ്മ ഒറ്റ ഓട്ടം വെച്ചു കൊടുത്തു ഇങ്ങനെ ലളിതമായ വരികളിലൂടെ തന്റെ ചുറ്റുപാടുകള്‍ വിവരിക്കുന്ന 'കോഴിയമ്മ 'എന്ന കവിത പോലെ മറ്റ് പല ജീവികളും കവിതകളായ് മനുഷ്യാവസ്ഥയുടെതെന്നെ ഏതൊക്കയൊ ചിത്രങ്ങളെ മനസ്സില്‍ കോരിയിടുന്നുണ്ട്.
നിറയെ കായ്ച്ചു നില്‍ക്കുന്ന 'മാവി'ലേക്ക് എത്തുമ്പോള്‍ എത്ര ഏറു കൊണ്ടാലും അടുത്ത വര്‍ഷവും പൂക്കുന്ന മാവും ,സര്‍ഗ്ഗാത്മകയുള്ള മനുഷ്യനും തുല്ല്യമാണെന്നിവിടെ കവി വരച്ചു വെയ്ക്കുന്നു. നല്ല കവികള്‍ തന്റെ കവിത സംസ്കാരത്തിലും കായിച്ച മരത്തിനു തുല്ല്യമായ് മാറുകയുണ്ടാകും . വിഷ്ണുവിന്റെ കവിതകളും നല്ലൊരു മാവിന്റെ ലക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നത് തന്നെയാണ്‌

കൊട്ടുപൊട്ടിച്ചോടിയ ഒരുമണിക്കൂര്‍ നേരം കൊണ്ട് ഒരാഴ്ചയ്ക്കുള്ള സ്വാതന്ത്യം അയവിറയ്ക്കാന്‍ തരമാക്കുന്ന അമ്മായിയുടെ പൈയ്യ് ഒരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യരുടെ മനസ്സ് തന്നെയാണ്‌. കുതറിയോടി സ്വാതന്ത്ര്യമായ് എന്തിനെയും കോര്‍ത്ത് കളയുമെന്ന ഭാവവും പിടിച്ചാല്‍ കിട്ടാത്ത വേഗവും ഒക്കെ ഉപേക്ഷിച്ച് പുറത്തടിവാങ്ങി തിരിച്ച് നടക്കുന്ന പശുവും അമ്മായിയും അത് കാണുന്ന കടമുറ്റത്തെ കാണികളും ഒക്കെ നല്ല ഇമേജുകള്‍ തന്നെ . പശു ഒരു നല്ല കവിതയും

ബൂലോക കവിത പ്രസ്ഥാനത്തിന്റെ പുറം പണിക്കാരനായ്(അകം പണി മൈക്രോസോഫ്റ്റ് അച്ചായനും ഗൂഗിളാശാനും ചെയ്യുന്നുണ്ടല്ലൊ)കഴിയുമ്പോഴും ഇന്റര്‍ നെറ്റില്‍ ഏറ്റവും അധികം വായിക്കപ്പെട്ട കവിതകള്‍ എഴുതിയിട്ടും വൈകി തന്നെയാണ്‌ ഇത് അച്ചടിരൂപത്തില്‍ എത്തുന്നത്.
ഗ്രാമീണന്റെ മനസ്സും ഗ്രാമത്തിന്റെ പച്ചപ്പും ഉള്ളെറ്റുവാങ്ങിയ ഈ കവിതകളുടെ പൊതു സ്വഭാവം തന്നിലൂടെ വായിച്ചെടുക്കുന്ന ചുറ്റുപാടുകള്‍ ആണ്‌.

ചുറ്റുപാടിലേക്ക് തുറന്നു വെച്ചിരിക്കുന്ന ഇന്ദിയങ്ങളുടെ ആകാശത്തോട്ടിക്കൊണ്ട് കവിതയുടെ മാമ്പഴക്കാലം പൊട്ടിച്ചെടുക്കുകയാണ്‌ കവി.
തുറന്നു പറച്ചിലുകള്‍ കവിതയുടെ ഭംഗി നഷ്ടപ്പെടുത്തിയോ എന്നു സംശയിക്കുന്ന ചിലരെങ്കിലുമുണ്ടാകും സത്യത്തില്‍ അവിടെയാണ്‌ കവിയുടെ ഗ്രാമീണ മനസ്സിന്റെ ഭാവം അക്ഷരങ്ങളിലേക്ക് പകരുന്നത്.
ഇന്റര്‍ നെറ്റിലെ ബ്ലോഗിന്റെ വല ഭേദിച്ച് ഒരു കവിതാ സമാഹാരം വായനക്കാര്‍ക്കിടയിലേക്ക് അച്ചടിമഴിപുരണ്ടുവരുന്നു

കരേണ ഭാനോര്‍ ബഹളാവസാനേ
സന്ധ്യുഷ്യമാണേവ ശശാങ്ക രേഖ..

വെളുത്ത പക്ഷത്തിലെ കുഞ്ഞു ചന്ദ്രന്റെ മേല്‍ അപ്പോള്‍ മാത്രമസ്തമിച്ച സൂര്യന്റെ തുടുകിരണം തട്ടുന്നപോലെ വിഷ്ണുവിന്റെ രചനകള്‍ കവിതാ രശ്മിയുടെ പ്രഭ പരത്തുന്നുണ്ട്
....

എഴുത്താണി

ഓണ്‍ലൈന്‍ കവിതകളിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍രസകരമായ പല കവിതകളും എഴുത്താണിയില്‍ തറഞ്ഞു. അധികം വേദനിപ്പിക്കാനല്ല പക്ഷെ കണ്ടില്ല എന്നു നടിക്കുന്നതിലും നന്നല്ലെ ചെറുതയൊന്നു സൂചിപ്പിക്കുക . ഈ പംക്തി അതാണ്‌ ഉദ്ധേശിക്കുന്നത്.

'മൂരികളുടെ അപ്പനും എന്റെ മകളും' എന്ന സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതയാണ്‌‌(-ഈ-പത്രം) ഏറ്റവും മികച്ച കവിതയായ് ഈ കൂട്ടത്തില്‍ കണ്ടെത്തിയത്

കുറുന്തോട്ടിക്ക് വാതം പിടിച്ച പോലെയായ് എം കെ ഹരികുമാറിന്റെ 'പൂവിലൊളിച്ച്' എന്ന കവിത. സൗന്ദര്യം ചമയ്ക്കാന്‍ ഇനി കവിക്കാവില്ല എന്നു തുറന്നു സമ്മതിച്ചത് നന്നായ്. പൂക്കള്‍ക്ക് കാട്ടിലേക്ക് പോണം എന്നു കവിക്കറിയാം പക്ഷേ ഏതോ ഒരു പ്രിയപ്പെട്ട പൂവിനെ സുരക്ഷിതമായികാട്ടില്‍ വിടാന്‍ ആണ്‌ കക്ഷിയുടെ ഒരുക്കം.

'എഴുതി എഴുതി കവിത കവിഴയായി 'എന്നു ഡി. വിജയമോഹനന്‍ എഴുതിയിരുന്നു.സത്യം. ഒത്തിരി നാളായി നെറ്റകത്തു വിളങ്ങുന്ന പലരും ഒട്ടും ശ്രദ്ധയില്ലാതെ പടച്ചു വിടുന്നത് എന്തിനാണാവോ?

കവിതയെ കൊല്ലാന്‍ ഉള്ള എളിയ പരിശ്രമം ശ്രീ അജിത്തിന്റെ ഭാഗത്തുനിന്നും കാണുന്നു. ഹരിതകത്തിലെ 'തച്ചോളി, കൊന്നോളി' എന്ന കവിത വായിച്ചാല്‍ ടീ യാന്‍ കവിതയെ തച്ചു കൊല്ലാന്‍ ശ്രമിക്കുന്നത് കാണാം.

വര്‍ഗ്ഗ സമരം എന്ന പേരില്‍ രാമചന്ദ്രന്‍ വെട്ടിക്കാട് സാമന്യം നല്ല ലേഖനം എഴുതിയിരിക്കുന്നു. പക്ഷേ കോളം മാറി കവിത എന്ന പേരില്‍ സമയം മാഗസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. എഡിറ്റര്‍മാര്‍ക്ക് ചിലപ്പോള്‍ കോളം മാറാറുണ്ട്. മറ്റൊരു കവി, പൂങ്കാവനം എന്ന കവിതയില്‍(സമയംഓണ്‍ലൈന്‍)ആദ്യമേ തന്നെ വായനക്കാരനോട് പറഞ്ഞു കഴിഞ്ഞു 'ഭൂമിക ശൂന്യം എന്നു' അതിനാല്‍ തന്നെ മറ്റൊന്നും ആശിക്കേണ്ടതില്ല എന്നു പിന്നലെയുള്ള വരികള്‍ ഉത്തരവും തരുന്നു.

അജയന്‍ കാരാടി ജനശക്തിയില്‍ 'ആലോചന' എന്ന പേരില്‍ കവിത എഴുതിയിട്ടുണ്ട് ഞാനകത്തോ പുറത്തോ എന്നു കവിക്കു സംശയം ഉണ്ട് വായനക്കാര്‍ക്കും.

അമിതമായ ആത്മവിശ്വാസം എഡിറ്റര്‍ക്ക് വന്നാല്‍ ഒരാളുടെ പേര്‍ 'പൊയ്തും കടവെ'ന്നു മാത്രം എഴുതും. അതും ഈലോകത്ത് നടക്കും ബ്രാക്കറ്റിട്ടെഴുതിയിരിക്കുന്നതിനാല്‍ എഴുതിയാളുടെ പേരാണോ ഒറ്റമരക്കാട് പൊയ്തു0കടവിലാണോ എന്ന സംശയം വായനക്കര്‍ക്കുണ്ടാവും മരമെഴുതുന്നതല്ലെ എല്ലാ സംശയനിവര്‍ത്തിയും വരുത്തണമെന്നു എന്തിനു നിര്‍ബന്ധം പിടിക്കണം പക്ഷേ കൊടകര പുരാണത്തിന്റെ പ്രകാശനത്തിനു പോയ കുരീപ്പുഴ ശ്രീകുമാറിനു ആ ദിവസം ഓര്‍മ്മയിലുണ്ട്. കാരണം സംഘാടകരൊഴിച്ചാല്‍ കവിയെ തിരിച്ചറിയുന്ന ഒരു ബ്ലോഗനും ആ വഴിയില്ലായിരുന്നത്രെ. ഉടലും ഉടലുകളും(?) ഉള്ള എഴുത്തു കൊള്ളാം എങ്കിലും ഏകവചനവും ബഹുവചനവും ഒക്കെ ഒന്നില്‍ തന്നെ സമര്‍പ്പിക്കുന്ന അസാദ്യ മെയ് വഴക്കത്തിന്‌ സ്തുതി. തിരക്കിട്ടെഴുതുന്നതിന്റെ ഓരോരോ സുഖങ്ങളെ..രചന പ്രത്യക്ഷപ്പെട്ടിരിക്കുന്നത് 'ഒറ്റമരക്കാട്' എന്ന പേരില്‍,ഈ-പത്രം.


ഈ-പത്രത്തിലെ 'മഞ്ഞ'യില്‍ 'ഒരു ഉത്തരാധുനിക അലക്ക്‌ - ജ്യോതിബായ് പരിയാടത്ത് എഴുതിയിരിക്കുന്നു പരിചയക്കുറവിന്റെ അടുക്കളമണത്തിനാല്‍
'കാരണഭൂതന്‍ കവി ഭാവനയില്‍

കഥയിലെ അരയന്നമായി' അങ്ങനെ കവി അപ്പോ കഥയാണെഴുതിയതെന്ന് വായനക്കാര്‍ തിരിച്ചറിയുക.

ബ്ലോഗ് കവിതയെഴുത്തിലെ ഏറ്റവും സങ്കടകരമായ വസ്തുത മിക്ക കവികള്‍ക്കും കുത്തും കോമയും ഒക്കെ ഉപയോഗിക്കണ്ടതെവിടെയെന്ന തിരിച്ചറിവില്ലായ്മയാണ്‌. ഒരു കാര്യം ശ്രദ്ധിക്കുക ഇതില്‍ ആരോടും ഉള്ള ദേഷ്യമോ പകയോ അല്ല സൂചിപ്പിക്കുന്നത് തികച്ചും ലാഘവ ബുദ്ധിയോടെ എഴുതുന്നതിനെ ആണ്‌ നിരുത്സാഹപ്പെടുത്തുന്നത്. എഴുത്താണി തുടരും